അണുബാധ ഏതെന്ന് ഉറപ്പിക്കും മുന്‍പ്, അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആന്റിബയോട്ടിക്ക് നല്‍കുന്നത് (എംപിരിക് ആന്റിബയോട്ടിക് തെറാപ്പി) അടിയന്തര സാഹചര്യങ്ങളില്‍ മാത്രമാക്കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) വ്യക്തമാക്കി.
ഐസിയു രോഗികള്‍ക്കു നല്‍കുന്ന ആന്റിബയോട്ടിക്കായ കാര്‍ബപെനം വലിയൊരു വിഭാഗത്തിനു നിലവില്‍ പ്രയോജനം ചെയ്യുന്നില്ലെന്ന് ഐസിഎംആര്‍ പഠനത്തില്‍ കണ്ടെത്തിയിരുന്നു. അനിയന്ത്രിതമായി നല്‍കുമ്പോള്‍ ബാക്ടീരിയകള്‍ ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്നതാണു കാരണം. ഓരോ സാഹചര്യങ്ങളിലും ആന്റിബയോട്ടിക് ഉപയോഗം എങ്ങനെ, എത്ര ഡോസ്, എത്ര ദിവസം തുടങ്ങിയ വിവരങ്ങളാണു മാര്‍ഗരേഖയിലുള്ളത്.പ്രതിരോധശേഷി കുറഞ്ഞവരും ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്നവരുമായ രോഗികള്‍ക്ക്, ഗുരുതര അണുബാധ, ന്യുമോണിയ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ നേരിട്ട് ആന്റിബയോട്ടിക്ക് നല്‍കാം. അപ്പോഴും സ്രവ പരിശോധനയ്ക്കും മറ്റും നടപടി സ്വീകരിക്കണം.ചെറിയ പനി, വൈറല്‍ ബാധ മൂലമുള്ള ശ്വാസകോശ പ്രശ്‌നങ്ങള്‍, അണുബാധ മൂലമല്ലാത്ത ശ്വാസകോശ രോഗങ്ങളില്‍, തൊലിപ്പുറത്തെ ചെറിയ അണുബാധ, മൂത്രം പോകാന്‍ ട്യൂബിട്ടിരിക്കുന്നവരിലെ നേരിയ അണുബാധ തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്ക് വേണ്ട.
ചികിത്സയില്‍ ശ്രദ്ധിക്കാന്‍:
*ശരിയായ ഡോസേജ്, സമയപരിധി, മരുന്നു നല്‍കേണ്ട രീതി എന്നിവ മുന്‍കൂര്‍ നിര്‍ണയിക്കണം.
*പ്രകടമായ രോഗലക്ഷണങ്ങള്‍, ശരീരത്തില്‍ അണുബാധ എവിടെനിന്നു തുടങ്ങുന്നു, രോഗകാരി ഏതാകാം തുടങ്ങിയവയില്‍ വ്യക്തത, ആന്റിബയോട്ടിക്ക് ഫലപ്രാപ്തിയും റെസിസ്റ്റന്‍സും മനസ്സിലാക്കിയുള്ള സമീപനം എന്നിവ പ്രധാനം.
* ഒറ്റയടിക്ക് ഉയര്‍ന്ന ശേഷിയുള്ള (ഹൈ എന്‍ഡ്) ആന്റിബയോട്ടിക്കുകള്‍ നല്‍കരുത്.
* ബാക്ടീരിയ ബാധയില്ലെന്നു തീര്‍ത്തും സ്ഥിരീകരിക്കാന്‍ കഴിഞ്ഞാല്‍ ഉടനടി ആന്റിബയോട്ടിക് ചികിത്സ അവസാനിപ്പിക്കണം.