ആവേശം വാനോളം ഉയര്‍ത്തിയ കാമറൂണ്‍ – സെര്‍ബിയ പോരാട്ടം സമനിലയില്‍. നിശ്ചിത സമയത്ത് ഇരുടീമുകളും മൂന്ന് ഗോള്‍ വീതിം നേടി. ഇന്നത്തെ മത്സരത്തില്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമായിരുന്നു. എന്നാല്‍ അവിസ്മരീണയമായ പോരാട്ടത്തില്‍ ഇരുടീമുകളും തോല്‍ക്കാന്‍ തയ്യാറായില്ല.
മത്സരത്തില്‍ ആദ്യം ഗോളടിച്ചത് കാമറൂണാണ്. പിന്നീട് തുടര്‍ച്ചയായി മൂന്ന് ഗോളുകള്‍ അടിച്ച് സെര്‍ബിയ മുന്നേറി. എന്നാല്‍ തളരാതെ പൊരുതിയ കാമറൂണ്‍ സമനില പിടിച്ചു. ഒന്നാം പകുതിയുടെ അധിക സമയത്തായിരുന്നു സെര്‍ബിയയുടെ രണ്ടുഗോളുകളും.
കാമറൂണിനായി കാസ്റ്റലെറ്റോയാണ് ആദ്യ ഗോള്‍ നേടിയത്. ആദ്യപകുതിയുടെ അധിക സമയത്തെ ആദ്യമിനിറ്റില്‍ പാവ്ലോവിച്ച് സെര്‍ബിയക്കായി സമനില ഗോള്‍ നേടി. തൊട്ടുപിന്നാലെ തന്നെ സാവിച്ച് രണ്ടാം ഗോള്‍ നേടിയതോടെ സെര്‍ബിയ ഒരു ഗോളിന് മുന്നിലെത്തി. മൂന്നാം ഗോളിന് വീണ്ടും കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വന്നില്ല സെര്‍ബിയക്ക്്. 53ാം മിനിറ്റില്‍ മിത്രോവിച്ച് നേടിയ മനോഹര ഗോളിലൂടെ വിജയം തങ്ങളുടെതാകുമെന്ന് സെര്‍ബിയന്‍ ആരാധകര്‍ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് രണ്ടാം പകുതി കാമറൂണ്‍ മുന്നേറ്റമായി. 63ാം മിനിറ്റില്‍ വിന്‍സെന്റ് അബൂബക്കറും 66ാം മിനിറ്റില്‍ മോട്ടിങ്ങും കാമറൂണിനായി ഗോളുകള്‍ നേടിയതോടെ ഇരുടീമുകളും ഒപ്പത്തിനൊപ്പമായി.