പോക്സോ അതിജീവിതകളോട് വയനാട് മെഡിക്കല്‍ കോളേജില്‍ ഗുരുതര അനാസ്ഥയെന്ന് ആരോപണം
വൈദ്യപരിശോധനക്കെത്തിയവരെ മണിക്കൂറുകള്‍ കാത്ത് നില്‍പ്പിച്ച ശേഷം ഡോക്ടറില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയെന്ന് പരാതി. പുരുഷ ഗൈനോളജിസ്റ്റ് മാത്രമാണ് ആ സമയത്ത് ഉണ്ടായിരുന്നതെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും ആശുപത്രി അധികൃതര്‍. സംഭവത്തില്‍ പ്രതിഷേധ വുമായി യുവജന സംഘടനകള്‍ രംഗത്ത്
പനമരം പോലീസ് സ്റ്റേഷനിലെ മൂന്ന് പോക്സോ കേസുകളിലെ അതിജീവിതകളായ പത്ത് വയസുള്ള രണ്ട് പെണ്‍കുട്ടികളോടും, 9 വയസുള്ള പെണ്‍കുട്ടിയോടുമാണ് വയനാട് മെഡിക്കല്‍ കോളേജ് അധികൃതരുടെ ഗുരുതര അനാസ്ഥയെന്ന് പരാതി. കേസുകളുടെ തുടര്‍ നടപടികളുടെ ഭാഗമായി കുട്ടികളുമായി വനിതാ പോലീസ് ഉദ്യോഗസ്ഥ വൈദ്യ പരിശോധനക്കായി ആശുപത്രിയിലെത്തിയെങ്കിലും മൂന്ന് മണിക്കൂറുകളോളം കാത്ത് നില്‍പ്പിച്ച ശേഷം ഗൈനക്കോളജിസ്റ്റില്ലെന്ന കാര്യം പറഞ്ഞ് ഒഴിവാക്കിയെന്നാണ് പരാതി.ആദിവാസി വിഭാഗത്തില്‍പ്പെടുന്ന മൂന്ന് കുട്ടികളേയും കൊണ്ട് ഞായറാഴ്ച രാവിലെ 11.40 ന് എത്തിയ ഇവരെ ഗൈനക്കോളജിസ്റ്റ് ഉടന്‍ വരുമെന്ന് പറഞ്ഞ് കാത്ത് നില്‍പ്പിച്ച ശേഷം 3.10 ന് മോശമായി പെരുമാറിക്കൊണ്ട് ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായാണ് പരാതി. ഇത് സംബന്ധിച്ച് വയനാട് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സംസ്ഥാന ഇന്റലിജെന്റ്സ് എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.അതിജീവിതകളും, സമൂഹത്തിന്റെ ഏറെ പിന്നാക്ക വിഭാഗമായ പണിയ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതുമായ പെണ്‍കുട്ടികളെ മൂന്ന് മണിക്കൂറിലധികം കാത്ത് നില്‍പ്പിച്ച ശേഷം പറഞ്ഞ് വിട്ട നടപടി അത്യധികം ധിക്കാരപരമായതും, ഗുരുതരമായ അനാസ്ഥയുമാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നണ്ടെന്നാണ് സൂചന. തുടര്‍ന്ന് കുട്ടികളേയും കൊണ്ട് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചെന്നെങ്കിലും അവിടെയും ഡോക്ടറുണ്ടായിരുന്നില്ല. പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചാണ് വൈദ്യ പരിശോധന നടത്തിയത്.എന്നാല്‍ ഗൈനക്കോളജി വിഭാഗത്തില്‍ വനിതാ പോലീസും കുട്ടികളുമെത്തിയത് പന്ത്രണ്ടരയോടെയാണെന്നും ആ സമയത്ത് ഡ്യൂട്ടി ഡോക്ര് പോസ്റ്റുമോര്‍ട്ടത്തിലായിരുന്നെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. കോള്‍ ഡ്യൂട്ടിയിലുള്ളത് പുരുഷ ഗൈനക്കോളജിസ്റ്റായതിനാല്‍ അദ്ദേഹത്തിന് വൈദ്യ പരിശോധന നടത്താന്‍ കഴിയില്ലായെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.