ട്വിറ്ററിനു പിന്നാലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഒരുങ്ങി മെറ്റയും

0

സമൂഹമാധ്യമമായ ട്വിറ്റർ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെ ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും കൂട്ടപിരിച്ചുവിടലിനു ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ ആഴ്ചയിൽ മെറ്റയിൽ വൻ പിരിച്ചുവിടൽ നടക്കുമെന്നും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടൽ ബാധിക്കുമെന്നും രാജ്യാന്തര മാധ്യമം വാൾസ്‌ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്‌തു. ബുധനാഴ്‍ചയ്ക്കു മുൻപായി പിരിച്ചുവിടൽ പ്രഖ്യാപിക്കുമെന്നും എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ മെറ്റ വിസമ്മതിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ വർഷം ഇതിനകം സ്റ്റോക്ക് മാർക്കറ്റ് മൂല്യത്തിൽ അര ട്രില്യൺ ഡോളറിലധികം നഷ്ടമാണ് മെറ്റ രേഖപ്പെടുത്തിയത്. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പരസ്യ വരുമാനത്തിലെ കുറവും എതിരാളികളായ ടിക്ടോക്കിൽ നിന്നുള്ള മത്സരം കടുത്തതുമാണ് മെറ്റയ്ക്കു തിരിച്ചടിയായത്. ഡിജിറ്റൽ പരസ്യ വിപണിയിലെ മാന്ദ്യം മെറ്റയെ മാത്രമല്ല, എതിരാളികളായ ഗൂഗിൾ, ട്വിറ്റർ എന്നിവയെയും ബാധിച്ചു. കമ്പനി നടത്തുന്ന നിക്ഷേപങ്ങളുടെയും നിയമനങ്ങളുടെയും വേഗം കുറയ്ക്കുകയാണെന്നു മെറ്റ സിഇഒ മാർക്ക് സക്കർബർഗ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ചീഫ് ഓപ്പറേറ്റിങ് ഓഫിസറായിരുന്ന ഷെറിൽ സാൻഡ്ബെർഗ് മെറ്റയിൽ നിന്ന് രാജിവച്ചതും കമ്പനിയെ പുറകോട്ട് അടിച്ചിരുന്നു. മെറ്റയുടെ അതിവിപുലമായ പരസ്യ ബിസിനസിന്റെ ബുദ്ധികേന്ദ്രമായിരുന്നു അവർ. കമ്പനി നേതൃത്വത്തെക്കുറിച്ച് നിക്ഷേപകർ സംശയാലുക്കളായത് ഓഹരി വിപണിയിൽ വലിയ പ്രതിഫലനമുണ്ടാക്കുകയും ചെയ്തു. നാല് വർഷം മെറ്റ(ഫെയ്സ്ബുക്)യുടെ ഇന്ത്യ മേധാവിയായിരുന്ന അജിത് മോഹൻ ഉൾപ്പെടെയുള്ളവർ അടുത്തിടെ രാജിവച്ചിരുന്നു. ഫെയ്സ്ബുക്കിന്റെ എതിരാളിയായ ‘സ്നാപ്പി’ന്റെ (മുൻപ് സ്നാപ്ചാറ്റ്) ഏഷ്യ–പസിഫിക് മേധാവിയായി അജിത് സ്ഥാനമേൽക്കുകയും ചെയ്‌തു. ഹോട്സ്റ്റാറിനെ ഇന്ത്യയിലെ പ്രധാന ഒടിടി പ്ലാറ്റ്ഫോമാക്കി മാറ്റിയത് അജിത്തിന്റെ നേതൃത്വത്തിലായിരുന്നു.

ട്വിറ്റർ മാതൃകയിൽ പല പ്രമുഖ കമ്പനികളും കൂട്ടപിരിച്ചുവിടൽ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ലോക കോടീശ്വരനായ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനു ശേഷമുള്ള രണ്ടാംഘട്ട പിരിച്ചുവിടലിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഓഫിസുകളിൽ നിന്നായി ആകെ 3700 പേർക്കാണ് ജോലി നഷ്ടപ്പെട്ടത്. പിരിച്ചുവിടൽ പ്രക്രിയയുടെ ഭാഗമായി ഓഫിസുകൾ തൽക്കാലത്തേക്ക് അടച്ചു, ജീവനക്കാർക്ക് ഓഫിസിൽ പ്രവേശനം നിഷേധിച്ചു. ഇന്ത്യയിൽ മാർക്കറ്റിങ്, കമ്യൂണിക്കേഷൻസ് വിഭാഗങ്ങളിലെ എല്ലാവരെയും പിരിച്ചുവിട്ടു. ഇന്ത്യയിൽ മാത്രം ഏകദേശം ഇരുനൂറോളം പേർക്കാണ് ജോലി നഷ്ടഷ്‌മായത്. പിരിച്ചുവിടൽ അറിയിപ്പിനു മുൻപേ ജീവനക്കാരെ കമ്പനിയുടെ ആശയവിനിമയ ശൃംഖലയിൽ നിന്നും കംപ്യൂട്ടർ നെറ്റ്‍വർക്കിൽ നിന്നും പുറത്താക്കിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!