കെ.എസ്.ഇ.ബിയുടെ അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി

0

വൈദ്യുതി വാഹനങ്ങളിലേക്ക് ഗിയര്‍ മാറ്റുന്ന വാഹന ഉടമകള്‍ക്ക് പിന്തുണയുമായി വൈത്തിരി സെക്ഷന്‍ ഓഫീസ് പരിസരത്തും പടിഞ്ഞാറത്തറ ബാണാസുര സാഗറിലും സ്ഥാപിച്ച അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനുകളും ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ച 25 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷനുകളും ഇന്നലെ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിച്ചു.കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലാണ് ഈ ചാര്‍ജിംഗ് ശൃംഖലകള്‍ സജ്ജമായത്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക, ഇന്ധന വില വര്‍ധനവ് മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക എന്നിവ ലക്ഷ്യമിടുന്ന സംസ്ഥാന സര്‍ക്കാറിന്റെ ഇ-വെഹിക്കിള്‍ പോളിസി പ്രകാരമാണ് ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത്. ഒരേ സമയം ഒന്നില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാവുന്നതാണ് അതിവേഗ ചാര്‍ജിങ്.വൈദ്യുതി വാഹനങ്ങള്‍ക്കായുള്ള ചാര്‍ജിങ് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും ഇതിനായി പൊതുമേഖലയുടെയും സ്വകാര്യമേഖലയുടെയും സഹകരണ സാധ്യതകള്‍ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. വൈത്തിരി സെക്ഷന്‍ ഓഫീസ് പരിസരത്ത് നടന്ന ജില്ലാതല ചടങ്ങില്‍ അഡ്വ.ടി. സിദ്ധിഖ് എംഎല്‍എ അധ്യക്ഷനായിരുന്നു.ചീഫ് എഞ്ചിനിയര്‍ (റീസ് ) ജി.സജീവ് , ഡയറക്ടര്‍ (റീസ് ) ആര്‍. സുകു, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, വാര്‍ഡ് മെമ്പര്‍ പി.കെ. ജയപ്രകാശ്, കല്‍പ്പറ്റ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ കെ. രജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ 462 കിലോവാട്ട് ശേഷിയുള്ള 30 സൗരനിലയങ്ങളും മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!