20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോളിന്റെ വില്‍പ്പന ഏപ്രിലോടെ; കേന്ദ്രം

0

പരിസ്ഥിതി സൗഹൃദമാക്കുക ലക്ഷ്യമിട്ട് 20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോളിന്റെ വില്‍പ്പന അടുത്ത വര്‍ഷം ഏപ്രിലില്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത പമ്പുകളിലാണ് എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ലഭ്യമാക്കുക എന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് പുരി അറിയിച്ചു.

ആയിരം കോടി ലിറ്റര്‍ എഥനോള്‍ മിശ്രിത പെട്രോള്‍ ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യം അഞ്ചുവര്‍ഷത്തിനകം തന്നെ കൈവരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ഏപ്രിലിലോടെ തെരഞ്ഞെടുത്ത പമ്പുകളിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ എഥനോള്‍ ചേര്‍ത്ത പെട്രോള്‍ വില്‍ക്കാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുമെന്നും ഹര്‍ദീപ് പുരി അറിയിച്ചു.

എഥനോള്‍ മിശ്രിത പെട്രോള്‍ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് ആവശ്യമായ പിന്തുണ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. ഇത്തരം വാഹനങ്ങളുടെ വിതരണം, ആവശ്യകത, നയം തുടങ്ങി മറ്റു മേഖലകളിലും സര്‍ക്കാര്‍ ആവശ്യമായ സഹകരണം ഉറപ്പാക്കും. 10 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോളില്‍ ഓടുന്ന വാഹനങ്ങള്‍ക്കും സമാനമായ പിന്തുണ ലഭ്യമാക്കും.

2025 ഓടേ എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ പ്രതിവര്‍ഷം വിദേശനാണ്യത്തില്‍ 30,000 കോടി രൂപ ലാഭിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!