സികെ ജാനുവിന് 10 ലക്ഷം നല്‍കിയതിന് പുറമെ ജാനുവിന്റെ ജെആര്‍പി പാര്‍ട്ടിക്ക് ബിജെപി അധ്യക്ഷന്‍ 25 ലക്ഷം നല്‍കിയിട്ടുണ്ടെന്ന് ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴിക്കോട്. പ്രസീതയും കെ സുരേന്ദ്രനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജാനുവിന് 25 ലക്ഷം കൈമാറാന്‍ ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷിനോട് പറഞ്ഞ് ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ കെ സുരേന്ദ്രന്‍ സികെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് പ്രസീതയുടെ അഴിക്കോട്ടെ വീട്ടില്‍ ചെന്ന് മൊഴി രേഖപ്പെടുത്തി. കെ സുരേന്ദ്രന്റെതാണെന്ന് പറയുന്ന ശബ്ദരേഖ പ്രസീത ക്രൈംബ്രാഞ്ചിന് കൈമാറി. നിങ്ങളുടെ പാര്‍ട്ടിയുടെ ആവശ്യത്തിന് 25 തരാന്‍ ഗണേഷിനോട് പറഞ്ഞിട്ടുണ്ടെന്നാണ് ഫോണില്‍ സുരേന്ദ്രന്‍ പറയുന്നത്. മാര്‍ച്ച് 26ന് ബത്തേരി കോട്ടക്കുന്നിലെ റിസോര്‍ട്ടിലെത്തി അവിടെ താമസിക്കുകയായിരുന്ന ജാനുവിന് ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി 25 ലക്ഷം കൈമാറി. എന്നാണ് പ്രസീത മൊഴി നല്‍കിയിരിക്കുന്നത്.