നിരന്തരം അപകട മേഖലയായി ചെറ്റപ്പാലം വളവ്
മാനന്തവാടി കാട്ടികുളം അന്തര്‍ സംസ്ഥാന പാതയിലെ ചെറ്റപ്പാലം വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതര്‍ നിസ്സംഗതയില്‍. 5 മാസത്തിനിടെ നാല് അപകടങ്ങളാണ് ഇവിടെ നടന്നത്. പലപ്പോഴും അത്ഭുതകരമായാണ് വാഹനയാത്രക്കാര്‍ രക്ഷപ്പെടുന്നത്. കൊടും വളവും ഇറക്കവും റോഡിന്റ് വീതീ കുറവുമാണ് ഇവിടെ അപകടങ്ങള്‍ക്ക് കാരണമാവുന്നത്. ഇന്നലെ രാത്രിയിലും ഇവിടെ അപകടം നടന്നെങ്കിലും വാഹനയാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. കാട്ടികുളം ഭാഗത്ത് നിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയിലേ പോസ്റ്റിലിടിച്ച് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലിടിച്ച് എതിര്‍ ദിശയിലേ റോഡരികിലേക്ക് മറിയുകയായിരുന്നു. രണ്ട് വന്‍ ദുരന്തങ്ങളാണ് ഇതോടെ ഒഴിവായത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം കല്‍വരിയില്‍ നിന്നതിനാല്‍ താഴേക്ക് പതിക്കാതിരുന്നതും കാട്ടി കുളം ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ ഈ വാഹനത്തില്‍ തട്ടി റോഡരികിലേക്ക് തെന്നി മാറിയതും വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു നിസാര പരിക്കുകള്‍ മാത്രമാണ് യാത്രക്കാര്‍ക്ക് പറ്റിയുള്ളു. മാസങ്ങള്‍ക്ക് മുമ്പ് കര്‍ണ്ണാടകയില്‍ നിന്നും വരികയായിരുന്ന ബസ്സ് ഈ വളവിലെ മരത്തിലിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും, സ്‌കോര്‍പ്പിയോ വാഹനം വളവില്‍ നിയന്ത്രണം തെറ്റി താഴേക്ക് പതിക്കുകയും, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ വളവില്‍ ഇരുചക്രവാഹനം താഴേക്ക് പതിച്ച് രണ്ട് യുവാക്കള്‍ മരിക്കുകയും ചെയ്തിരുന്നു. കുത്തനെയുള്ള ഇറക്കത്തിലുള്ള കൊടും വളവിലെ ഗര്‍ത്തം ഇരുചക്രവാഹനങ്ങള്‍ക്കും ഏറെ ഭീഷണിയായി മാറിയിരിക്കുകയാണ്. അപായ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുകയോ റോഡിന് വീതീകൂട്ടുകയോ ചെയ്ത് വന്‍ ദുരന്തം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.