ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എണ്‍പതാം പിറന്നാള്‍

0

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എണ്‍പതാം പിറന്നാള്‍. ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ ഏറ്റവും സ്വാധീനമുള്ള അഭിനേതാവ് . എഴുപതുകളില്‍ തുടങ്ങിയ ചലച്ചിത്രയാത്ര ഇന്നും തുടരുകയാണ്.

ബോളിവുഡ് അന്നുവരെ കേട്ടതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ശബ്ദത്തിനുടമ. താരസങ്കല്‍പ്പങ്ങളെ മാറ്റിമറിച്ചായിരുന്നു ആ വരവ്. പിന്നീടുണ്ടായത് ചരിത്രം.

1973ല്‍ പുറത്തിറങ്ങിയ സഞ്ജീര്‍ എന്ന ചിത്രത്തിലെ വേഷം അമിതാബ് ബച്ചനെ സൂപ്പര്‍ സ്റ്റാറാക്കി. 1975-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘ഷോലെ’യാണ് അമിതാഭിന്റെ ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നാമത്. ഇന്ത്യയുടെ ക്ഷുഭിതനായ യുവാവ്, ബോളിവുഡിലെ ഷഹന്‍ഷാ ,സാദി കാ മഹാനായക് വിശേഷണങ്ങള്‍ ഏറെയുണ്ട് ഈ മഹാനടന്.

കഭി കഭി ,അമര്‍ അക്ബര്‍ ആന്റണി ,തൃശൂല്‍,സുഹാഗ് ,മൃത്യുദാദ,നിശബ്ദ്, അഭിനയജീവിതത്തിലെ നാഴിക്കല്ലുകളായ എത്രയോ ചിത്രങ്ങള്‍. പികു എന്ന ചിത്രത്തിലെ പിടിവാശിക്കാരനായ പിതാവും ഗുലാബോ സിതാബോയിലെ മിര്‍സാ ഖാലിദും ബച്ചന്റെ അഭിനയയാത്രയില്‍ നാഴികക്കല്ലുകളാണ്.

കാണ്ഠഹാര്‍ എന്ന മലയാള ചിത്രത്തിലും അമിതാഭ് ബച്ചന്‍ വേഷമിട്ടു. മലയാള പരസ്യചിത്രത്തില്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തതും കൗതുകമായി.

കോന്‍ ബനേഗ കരോഡ് പതി എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയുടെ വ്യത്യസ്ത സീസണുകളില്‍ ബച്ചന്‍ തുടര്‍ച്ചയായ അവതാരകനാണ്.

ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും തിരിച്ചടിയായപ്പോഴും അവയെല്ലാം മറികടന്ന് ഊര്‍ജസ്വലനായി മടങ്ങി വരുന്ന അമിതാഭിനെ പ്രേക്ഷകര്‍ കണ്ടു.

1984 ല്‍ ബച്ചന്‍ അഭിനയത്തില്‍ നിന്ന് താല്‍ക്കാലികമായി വിരമിക്കുകയും രാജീവ്ഗാന്ധിയുടെ കുടുംബവുമായുള്ള അടുത്ത സൗഹൃദം ബച്ചനെ സജീവ രാഷ്ട്രീയത്തില്‍ എത്തിക്കുകയും 1984-ല്‍ ഇദ്ദേഹം അലഹാബാദില്‍ നിന്ന് ലോകസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പദ്മശ്രീയും പദ്മഭൂഷനും ,പദ്മവിഭൂഷനും ,ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ച അതുല്യനടന്‍..എണ്ണമറ്റ ദേശീയ അവാര്‍ഡുകളും ഫിലിം ഫെയര്‍ അവാര്‍ഡുകളും.

Leave A Reply

Your email address will not be published.

error: Content is protected !!