കളര്‍കോഡ് ലംഘിക്കുന്ന ബസുകള്‍ ഇന്ന് മുതല്‍ പിടിച്ചെടുക്കാന്‍ തീരുമാനം; ഓരോ രൂപ മാറ്റങ്ങള്‍ക്കും 10,000 രൂപ വീതം പിഴ

0

നിയമം ലംഘിച്ചു ചീറിപ്പായുന്ന ബസുകള്‍ക്ക് പൂട്ട് മുറുക്കാന്‍ ഒരുങ്ങി ഗതാഗത വകുപ്പ്. കളര്‍കോഡ് ലംഘിക്കുന്ന ബസുകള്‍ ഇന്ന് മുതല്‍ പിടിച്ചെടുക്കാന്‍ ആണ് തീരുമാനം. പാലക്കാട് അപകടത്തില്‍പ്പെട്ട ബസിന്റെ വേഗപ്പൂട്ട് അഴിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് ഇന്ന് പോലീസിന് പരാതി നല്‍കും.

ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘനത്തില്‍ ഹൈക്കോടതി കൂടി ഇടപെട്ട സാഹചര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. കളര്‍കോട് നടപ്പാക്കാതെ ബസുകള്‍ ഇന്ന് മുതല്‍ നിരത്തില്‍ ഇറങ്ങാന്‍ പാടില്ല. ഏകീകൃത നിറം നടപ്പാക്കാത്ത ബസുകള്‍ക്ക് ഇന്ന് മുതല്‍ പിടി വീഴും. അനധികൃത രൂപ മാറ്റങ്ങള്‍ക്ക് ബസുടമക്ക് പുറമെ വാഹന ഡീലര്‍, വര്‍ക്ക്ഷോപ്പ് എന്നിവര്‍ക്കെതിരെയും നടപടി ഉണ്ടാകും. ഓരോ രൂപമാറ്റങ്ങളും വെവ്വേറെ നിയമലംഘനമായി കണ്ട് ഓരോന്നിനും പതിനായിരം രൂപ പിഴ ഈടാക്കും.

ആര്‍ടി ഓഫീസുകളിലെ ഓരോ ഉദ്യോഗസ്ഥര്‍ക്കും നിശ്ചിത എണ്ണം വാഹനങ്ങളുടെ പരിശോധനാ ചുമതല നല്‍കും. വാഹനങ്ങളുടെ ക്രമക്കേടുകള്‍ക്ക് ഇനി മുതല്‍ ഉദ്യോഗസ്ഥരും ഉത്തരവാദികളാകും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ എക്സൈസ് വകുപ്പുമായി ചേര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉടന്‍ പരിശോധനകള്‍ ആരംഭിക്കും. ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ നിയമ ലംഘനം തടയാനും കര്‍ശന നടപടികളിലേക്ക് കടക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. പാലക്കാട് അപകടത്തില്‍പ്പെട്ട ബസിന്റെ വേഗപ്പൂട്ട് അഴിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒ ഇന്ന് പോലീസിന് പരാതി നല്‍കും

Leave A Reply

Your email address will not be published.

error: Content is protected !!