വന്യമൃഗ ശല്യം മണല്‍വയല്‍ ഗ്രാമത്തില്‍ മരണഭയത്തില്‍ നിരവധി കുടുംബങ്ങള്‍

0

സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍ നെയ്ക്കുപ്പ സെക്ഷന്‍ പരിധിയില്‍ പൂതാടി പഞ്ചായത്ത് ഒന്നാം വാര്‍ഡിലാണ് വനത്താല്‍ ചുറ്റപ്പെട്ട മണല്‍വയല്‍ ഗ്രാമമുള്ളത്. വനത്തിലൂടെ 2 കിലോമീറ്ററോളം സഞ്ചരിച്ചാലേ പുറംലോകത്തെത്തു. കൃഷിയെ ആശ്രയിച്ചാണ് ഗ്രാമീണരുടെ ഉപജീവനം. കാട്ടാനയും പന്നിയും അടക്കമുള്ള വന്യജീവികള്‍ മേച്ചില്‍പ്പുറമാക്കിയതോടെ മണല്‍വയലില്‍ ജീവിക്കാന്‍ കഴിയില്ലെന്നായി. രൂക്ഷമായ വന്യമൃഗശല്യം മൂലം നെല്‍ക്കൃഷിയടക്കം നിലച്ചിട്ട് വര്‍ഷങ്ങളായി. നല്ല രീതിയില്‍ ആധായം ലഭിച്ചിരുന്നു കുരുമുളക്, കാപ്പി, കമുക് അടക്കമുള്ള മറ്റു കൃഷികളും കാട്ടാനകള്‍ തകര്‍ത്തു തുടങ്ങിയതോടെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായി.
പൊതുവിഭാഗത്തില്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങളും പ്രാണഭയംമൂലം മുന്‍പ് തന്നെ താമസം മണല്‍വയലിനു പുറത്തേക്കു മാറ്റിയിരുന്നു. സ്ഥലം ഒഴിഞ്ഞു പോയ പലരുടെയും വീടുകള്‍ കാട്ടാന തകര്‍ത്ത നിലയിലാണുള്ളത്. ഇപ്പോള്‍ ഇവിടെ കാട്ടുനായ്ക്ക, പണിയ വിഭാഗത്തില്‍പ്പെട്ട മുപ്പതോളം കുടുംബങ്ങളുണ്ട്. മണല്‍വയല്‍ വന ഗ്രാമത്തെ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പറയാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. വന്യമൃഗശല്യം കൂടിവന്നതോടെ വനത്തിന് ഉള്ളില്‍ നിന്നും ഇവരെ മാറ്റണമെന്നാണ് ആവശ്യം .

 

Leave A Reply

Your email address will not be published.

error: Content is protected !!