ലോകകപ്പ്; ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു

0

ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചയോടെ പരുക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനില്ലാതെയാണ് ടീം യാത്ര തിരിച്ചത്. ഒക്ടോബര്‍ 16നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. 2007ലെ പ്രഥമ ലോകകപ്പില്‍ വമ്പന്മാരെയൊക്കെ വീഴ്ത്തി ഇന്ത്യയുടെ ‘കുട്ടിപ്പട’ കിരീടം നേടിയതിനു ശേഷം ഇതുവരെ ടി-20 ലോകകപ്പ് നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഇക്കുറി അത് തിരുത്തണമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് ഇന്ത്യ ഓസ്‌ട്രേലിയയിലെത്തുക. എന്നാല്‍, മോശം ഫോമിലുള്ള ബൗളിംഗ് നിര ഇന്ത്യക്ക് വലിയ തലവേദനയാണ്. ബുംറ കൂടി ഇല്ലാതാവുന്ന ബൗളിംഗ് നിര എങ്ങനെ പ്രകടനം നടത്തുമെന്ന് കണ്ടറിയണം.ലോകകപ്പിനു മുന്‍പ് ഇന്ത്യ രണ്ട് സന്നാഹമത്സരങ്ങള്‍ കളിക്കും. ഒക്ടോബര്‍ 17ന് ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യന്‍ സമയം ഉച്ച തിരിഞ്ഞ് 2ന് ഗാബയില്‍ വച്ചാണ് മത്സരം. 19ന് ന്യൂസീലന്‍ഡുമായി ഇതേ സ്റ്റേഡിയത്തില്‍ ന്യൂസീലന്‍ഡുമായി ഇന്ത്യ കളിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് ആറിനാണ് മത്സരം. ഒക്ടോബര്‍ 23ന് പാകിസ്താനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

പരുക്കേറ്റ ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് ഷമി എത്തുമെന്നാണ് വിവരം. കൊവിഡ് ബാധിതനായിരുന്ന ഷമി നിലവില്‍ വൈറസ് മുക്തനായതിനു ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പരിശീലനത്തിലാണ്. ഫിറ്റ്‌നസ് വീണ്ടെടുത്തതിനു ശേഷം താരം ഓസ്‌ട്രേലിയയിലേക്ക് തിരിക്കും.ബുംറയ്ക്ക് പകരം ഷമി എത്തുമെന്നാണ് സൂചനകളെങ്കിലും ദീപക് ചഹാര്‍, മുഹമ്മദ് സിറാജ് എന്നിവരും പരിഗണനയിലുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ഇരുവരുടെയും പ്രകടനങ്ങള്‍ സെലക്ടര്‍മാര്‍ പരിഗണിച്ചേക്കും.

Leave A Reply

Your email address will not be published.

error: Content is protected !!