ഇന്ന് ഗാന്ധി ജയന്തി; രാഷ്ട്രപിതാവിന്റെ 153-ാം ജന്മദിനം

0

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 153-ാം ജന്മദിനം. സത്യവും അഹിംസയും ജീവിതവ്രതമാക്കിയ വ്യക്തിത്വം. സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ് ഗാന്ധിജി.സത്യം, അഹിംസ, മതേതരത്വം എവിടെയും ഗാന്ധിജിക്ക് പറയാനുള്ളത് ഇതൊക്കെയായിരുന്നു.


ഗുജറാത്തിലെ പോര്‍ബന്തറില്‍ 1869 ഒക്ടോബര്‍ രണ്ടിനാണ് ഗാന്ധി ജനിക്കുന്നത്. ബ്രിട്ടനില്‍നിന്ന് നിയമത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. ശേഷം ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനായും സാമൂഹ്യപ്രവര്‍ത്തകനായും സേവനമനുഷ്ടിച്ചു. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തി സ്വാതന്ത്ര്യ സമരത്തിന് പുതിയ രൂപവും ഭാവവും നല്‍കി.നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റ് തുടങ്ങിയ ചരിത്ര പ്രസിദ്ധമായ സമരങ്ങളിലൂടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. 1931ലെ ദണ്ഡിയാത്ര ഇന്ത്യന്‍ സമരത്തിലെ അവിസ്മരണീയ സംഭവമായി.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുഖമായ ഗാന്ധിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിക്കുന്നു. 2007 മുതല്‍ ഐക്യരാഷ്ട്ര സഭ നോണ്‍ വയലന്‍സ് ഡേ ആയി ഒക്ടോബര്‍ രണ്ട് ആചരിക്കുന്നു. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടി അഞ്ച് മാസത്തിന് ശേഷം 1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയേറ്റ് ഗാന്ധി മരിക്കുന്നത്.


ഏതു ലക്ഷ്യവും നേടിയെടുക്കുന്നതിനുള്ള മാര്‍ഗം അഹിംസയുടേതാകണമെന്ന് ഗാന്ധിജി നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു.അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. ഗാന്ധിജിയോടുള്ള ആദരസൂചകമായി 2007 മുതല്‍ ഐക്യരാഷ്ട്രസഭ ഒക്ടോബര്‍ രണ്ട് അഹിംസാ ദിനമായി ആചരിക്കുന്നു.ആ രൂപം പോലെത്തന്നെ ലളിതമായിരുന്നു ജീവിതവും. . വൈരുദ്ധ്യങ്ങളോട് നിരന്തരം സംവദിച്ച ഗാന്ധിജിക്ക് ഒരേസമയം വിശ്വാസത്തെയും യുക്തിചിന്തയേയും ഉള്‍ക്കൊള്ളാന്‍ ഒരു പ്രയാസവുമില്ലായിരുന്നു. ഒരു ആശയത്തോടും ഗാന്ധിജി മുഖം തിരിച്ചുനിന്നില്ല. സഹിഷ്ണുതയായിരുന്നു ഗാന്ധിജി.ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് കുടിയിരിക്കുന്നതെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു ഗാന്ധിജി. രാജ്യത്തെ അവസാനത്തെ പൗരന്റെ കണ്ണീരും തുടക്കുന്നതാകണം ഓരോ പദ്ധതിയും ലക്ഷ്യമിടേണ്ടതെന്ന് ഗാന്ധിജി ഓര്‍മിപ്പിച്ചു. ഗാന്ധിജി മുന്നോട്ടുവച്ച ആശയങ്ങള്‍ക്കും ജീവിതമൂല്യങ്ങള്‍ക്കും പ്രസക്തി ഏറി വരുന്ന കാലത്ത് ഒരു ഒക്ടോബര്‍ രണ്ട് കൂടി കടന്നുപോകുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!