ലോക ടൂറിസം വാരാചരണത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് ബോധവല്‍ക്കരണ സന്ദേശമുയര്‍ത്തി വയനാട് ബൈക്കഴ്‌സ് ക്ലബ്ബ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി സഹകരിച്ച് സൈക്കിള്‍ റാലി സംഘടിപ്പിച്ചു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്തുനിന്ന് ആരംഭിച്ച സൈക്കിള്‍ റാലി ഡി.ടി.പി.സി സീനിയര്‍ മാനേജര്‍ സി.ആര്‍. ഹരിഹരന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ചുരത്തിലും പരിസരപ്രദേശങ്ങളിലും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് നിരവധി ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങാളാണ് ഉണ്ടാക്കുന്നത്. ജില്ലയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളിലേറെയും ഭക്ഷണം കഴിക്കാന്‍ തിരഞ്ഞെടുക്കുന്നത് വയനാട് കവാടം മുതല്‍ വൈത്തിരി വരെയുള്ള പൊതുനിരത്തുകളെയാണ്. ഇത്തരക്കാര്‍ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, തെര്‍മോക്കോള്‍ പേപ്പര്‍ ഉല്‍പന്നങ്ങള്‍ മുതലായവ വഴിയില്‍ ഉപേക്ഷിക്കുന്നതും പതിവ് കാഴ്ചയാണ്. ഈ സാഹചര്യത്തിലാണ് വയനാട് ബൈക്കഴ്‌സ് ക്ലബ്ബ് പ്ലാസ്റ്റിക് ബോധവല്‍ക്കരണവുമായി രംഗത്തിറങ്ങിയത്. ക്ലബ്ബിലെ മുപ്പത്തിയഞ്ചോളം വരുന്ന അംഗങ്ങള്‍ ജില്ലയുടെ കവാടം മുതല്‍ വൈത്തിരി വരെയുള്ള ഭാഗങ്ങളില്‍ ഡി.ടി.പി.സിയുടെ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ഡ്രൈവര്‍മാര്‍, പൊതുജനങ്ങള്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി വരും ദിവസങ്ങളില്‍ വയനാട് ബൈക്കേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജില്ലയുടെ പ്രവേശന കവാടം മുതല്‍ വൈത്തിരി വരെയുള്ള പ്ലാസ്റ്റിക് ശേഖരിച്ച് ശാസ്ത്രീയ സംസ്‌കരണം നടത്തും. വയനാട് ബൈക്കേഴ്‌സ് ക്ലബ് ട്രഷറര്‍ ടി. അബ്ദുള്‍ ഹാരിഫ് സൈക്കിള്‍ റാലിക്ക് നേതൃത്വം നല്‍കി.