എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം ഇന്ന്

0

ചരിത്രത്തിലെ ഏറ്റവും വലിയ സംസ്‌കാര ചടങ്ങിന് ഇന്നു ലണ്ടന്‍ സാക്ഷിയാകും. കഴിഞ്ഞയാഴ്ച അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്നു വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലും വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലിലുമായി പൂര്‍ത്തിയാകും രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാനും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനുമായി ലോകനേതാക്കള്‍ എല്ലാംതന്നെ ലണ്ടനില്‍ എത്തിക്കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു എന്നിവരുള്‍പ്പെടെ അഞ്ഞൂറോളം ലോക നേതാക്കളാണ് ഇന്നു വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ പ്രത്യേക ക്ഷണിതാക്കളായി എത്തുന്നത്.ഇന്നലെ തന്നെ ലണ്ടനിലെത്തിയ ലോകനേതാക്കള്‍ പലരും രാജ്ഞിയുടെ മൃതദേഹപേടകം പൊതുദര്‍ശനത്തിനു വച്ചിരിക്കുന്ന വെസ്റ്റ്മിനിസ്റ്റര്‍ ഹാളിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. വിദേശകാര്യ സെക്രട്ടറിക്കൊപ്പം എത്തിയിട്ടുള്ള രാഷ്ട്രപതി ദ്രൗപദി മുര്‍മു ലങ്കാസ്റ്റര്‍ ഹൌസിലെ കണ്‍ഡോളന്‍സ് ബുക്കില്‍ ഇന്ത്യയുടെ അനുശോചന സന്ദേശനവും കുറിച്ചു. ഇന്നലെ ലണ്ടനിലെത്തിയ ലോകനേതാക്കള്‍ ബക്കിങ്ഹാം പാലസില്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് സംഘടിപ്പിച്ച സ്വീകരണയോഗത്തിലും സംബന്ധിച്ചു.
സംസ്‌കാരത്തിനുള്ള അവസാനവട്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. രണ്ടുവട്ടം റിഹേഴ്‌സലും കഴിഞ്ഞ രാത്രികളില്‍ നടത്തി. രാജ്ഞിയുടെ അന്ത്യാഭിലാഷപ്രകാരം പൈപ്പറില്‍ വിലാപഗാനം ആലപിച്ചുകൊണ്ടാകും ചടങ്ങുകള്‍ ആരംഭിക്കുക. ബ്രിട്ടന്‍ കണ്ടിട്ടുള്ള ഏറ്റവും ബൃഹത്തായ പരിപാടികളിലൊന്നാകും ഇന്നത്തെ സംസ്‌കാര ചടങ്ങുകള്‍. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളും ടെലിവിഷനില്‍ തല്‍സമയം സംസ്‌കാരചടങ്ങുകള്‍ വീക്ഷിക്കും.

സംസ്‌കാരത്തിനു മുന്‍പു രാജ്യം രണ്ടുമിനിറ്റ് മൗനമാചരിക്കും. ബ്രിട്ടീഷ് സമയം രാവിലെ 11നാണു സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗികമായിആരംഭിക്കുക. മൃതദേഹപേടകം വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലേക്കു കൊണ്ടുപോകുന്ന വിലാപയാത്രയോടെയാകും ശുശ്രൂഷകള്‍ ആരംഭിക്കുക. രാജകീയ രഥത്തിലാകും ഭൌതിക ശരീരം കൊണ്ടുപോകുക. 142 റോയല്‍ നേവി അംഗങ്ങള്‍ ചേര്‍ന്നാകും ഈ യാത്ര നിയന്ത്രിക്കുന്നത്. ചടങ്ങുകള്‍ക്കൊടുവില്‍ ലാസ്റ്റ് പോസ്റ്റ് പ്ലേ ചെയ്യും. തുടന്നാണ് രണ്ടു മിനിറ്റ് മൗനാചരണം.

വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ ചടങ്ങുകള്‍ക്കുശേഷം മൃതദേഹം വഹിച്ചുള്ള വിലാപയാത്ര വെല്ലിംങ്ടണ്‍ ആര്‍ച്ചിലേക്ക് നീങ്ങും.അവിടെനിന്നുമാണ് വിന്‍സര്‍ കൊട്ടാരത്തിലേക്ക് മൃതദേഹം എത്തിക്കുക. വിന്‍സര്‍ ഡീനിന്റെയും രാജകുടുംബാംഗങ്ങുടെയും പേഴ്‌സണല്‍ സ്റ്റാഫിന്റെയുമെല്ലാം സാന്നിധ്യത്തില്‍ രണ്ടാംഭാഗമായുള്ള ചടങ്ങുകള്‍ സെന്റ് ജോര്‍ജ് ചാപ്പലില്‍ വൈകിട്ട് നാലിന് നടക്കും.

മൃതദേഹപേടകം രാജകീയ നിലവറയിലേക്ക് മാറ്റുമ്പോഴുള്ള പ്രാര്‍ഥനകള്‍ക്കും സമാപന ആശീര്‍വാദത്തിനും കാന്റര്‍ബറി ആര്‍ച്ച്ബിഷപ് ഡോ. ജസ്റ്റിന്‍ വെല്‍ബി മുഖ്യകാര്‍മികത്വം വഹിക്കും. തൊട്ടടുത്ത കുടുംബാംഗങ്ങള്‍ക്കായുള്ള അന്തിമ സ്വകാര്യ ശുശ്രൂഷകള്‍ രാത്രി 7.30ന് നടക്കും.

കഴിഞ്ഞവര്‍ഷം അന്തരിച്ച ഭര്‍ത്താവ് പ്രിന്‍സ് ഫിലിപ്പിനൊപ്പം കിങ് ജോര്‍ജ് ആറാമന്‍ മെമ്മോറിയല്‍ ചാപ്പലിലായിരിക്കും രാജ്ഞിയുടെ അന്ത്യവിശ്രമം. സംസ്‌കാരചടങ്ങുകളുടെ ഭാഗമായി ഇന്ന് രാവിലെ 11.30 മുതല്‍ അരമണിക്കൂര്‍ നേരം ഹീത്രൂ വിമാനത്താവളത്തില്‍നിന്നുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവയ്ക്കും. രാജ്ഞിയുടെ വിയോഗത്തില്‍ അങ്ങനെ ലണ്ടന്റെ ആകാശംപോലും ഒരുനിമിഷം മൗനമാകും.

 

Leave A Reply

Your email address will not be published.

error: Content is protected !!