തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കണം: ടി. സിദ്ധിഖ് എംഎല്‍എ

0

കേരളത്തില്‍ 685 തോട്ടങ്ങളിലായി 65,000 ത്തോളം വരുന്നതായ തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കേണ്ട സമയം കഴിഞ്ഞിട്ട് എട്ട് മാസത്തിലധികമായി. പിഎല്‍സി മീറ്റിംഗ് കൂടി അടിയന്തിരമായി കൂലി വര്‍ദ്ധിപ്പിക്കണമെന്ന് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടു. നിലവില്‍ ഒരുദിവസത്തെ വേതനം 421.26 പൈസയാണ്.തൊഴിലുറപ്പ് തൊഴിലാളികളും, തോട്ടം തൊഴിലാളികളുമല്ലാതെ ഇതുപോലെ ദാരിദ്ര്യമുള്ളതായിരിക്കുന്ന സാഹചര്യത്തില്‍ ജീവിക്കുന്ന സാധാരണക്കാരുടെ അടിസ്ഥാനപരമായിട്ടുള്ള വേതനം ഇത്രയും കുറഞ്ഞ് ലഭിക്കുന്ന സാഹചര്യം വേറെ ഒരു മേഖലയിലുമില്ല. ഉത്പന്നങ്ങളുടെ വില വര്‍ദ്ധനവിന് അനുസരിച്ച് ടി.എ ആണ് വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ നിലവില്‍ അതും വര്‍ദ്ധിപ്പിച്ചിട്ടില്ല. ഈ സര്‍ക്കാരിന്റെ കാലത്ത് ഒരിക്കല്‍ പോലും പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയില്‍ (പി.എല്‍.സി) കൂലി വര്‍ദ്ധനവ് ചര്‍ച്ച നടന്നിട്ടില്ല. കഴിഞ്ഞ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന്റെ കാലത്ത് 69 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. പിന്നീട് കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ 50 രൂപ ഇടക്കാല ആശ്വാസമായി പ്രഖ്യാപിച്ചു. ഈ തുക പിന്നീട് കൂലി വര്‍ദ്ധനവായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി കൂലി വര്‍ദ്ധനവ് എന്ന പ്രക്രിയ നടന്നിട്ടില്ല. അതോടൊപ്പം തന്നെ തൊഴിലാളികളുടെ മക്കള്‍ക്ക് പഠന സഹായം, തൊഴിലിന് പോകുന്ന തൊഴിലാളികളുടെ ചെറിയ കുട്ടികളെ പരിചരിക്കുന്നതിനുള്ള ക്രഷുകളും, ഡിസ്പെന്‍സറികളും ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം നിര്‍ജ്ജീവമാണ്.തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ ശോചനീയാവസ്ഥയിലാണ്. സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫ്ളാറ്റുകള്‍ നിര്‍മ്മിച്ച് കൊടുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടികള്‍ ഒന്നും തന്നെ ആയിട്ടില്ല. തൊഴിലാളികള്‍ക്ക് മെഡിക്കല്‍ സഹായം വേണ്ട രീതിയില്‍ ഒരു മാനേജ്മെന്റും ലഭ്യമാക്കുന്നില്ല.ഇതുമൂലം വയനാട് ജില്ലയിലെയും പ്രത്യേകിച്ച് നിയോജകമണ്ഡലത്തിലെ വൈത്തിരി, മേപ്പാടി, പൊഴുതന, കല്‍പ്പറ്റ, മൂപ്പൈനാട് അടക്കമുള്ള പ്രദേശങ്ങളില്‍ തോട്ടം തൊഴിലാളികള്‍ വലിയ ദുരിതത്തിലാണെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!