കാര്‍ഷിക സംസ്‌കൃതി ഉണര്‍ത്തി കമ്പളനാട്ടി

0

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തൃശ്ശിലേരി പവര്‍ലൂം പാടശേഖരത്തില്‍ സംഘടിപ്പിച്ച കമ്പളനാട്ടി ഉത്സവം പാടത്ത് ഞാറ് നട്ട് സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. വയനാടിന്റെ കാര്‍ഷിക പാരമ്പര്യവും പൈതൃകവും ഉണര്‍ത്തി തൃശ്ശിലേരിയില്‍ നടത്തിയ കമ്പളനാട്ടി നാടിന് ഉത്സവമായി. ആദിവാസി ഗോത്ര വിഭാഗത്തിന്റെ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ഒരു നാട് മുഴുവന്‍ കമ്പളനാട്ടിയില്‍ പങ്കാളികളായി. പരമ്പരാഗത നെല്‍ വിത്തിനമായ ചെറിയ തൊണ്ടിയിലാണ് പാടത്ത് നാട്ടിയൊരുക്കിയത്.വയലേലകളുടെ നാട്ടില്‍ വയല്‍നാടിന്റെ തനിമ ഒട്ടും ചോരാതെ കമ്പളനാട്ടിക്ക് ദൃശ്യചാരുത നല്‍കി ഒരു ഗ്രാമവും ഗ്രാമീണരും. തിരുനെല്ലി പഞ്ചായത്തിലെ വിവിധ ആദിവാസി ഊരുകളില്‍ നിന്നും അയല്‍ക്കൂട്ടങ്ങളില്‍ നിന്നുമായി ഇരുന്നൂറോളം പേര്‍ ഒരേ മനസ്സോടെ കമ്പളനാട്ടി ഉത്സവത്തിന്റെ ഭാഗമായി. 5 ഏക്കറോളം വരുന്ന പാടശേഖരത്താണ് കമ്പളനാട്ടി സംഘടിപ്പിച്ചത്. ഗ്രാമത്തിലെ കുട്ടികള്‍ക്ക് മണ്‍മറഞ്ഞു പോകുന്ന കാര്‍ഷിക സ്മരണകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി കമ്പളനാട്ടി.ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍. സുശീല, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വി. ബേബി, ജയരാജന്‍, എ.സി ഉണ്ണികൃഷ്ണന്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. വാസു പ്രദീപ്, സ്‌പെഷ്യല്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ടി.വി. സായി കൃഷ്ണന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി. സൗമിനി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!