പ്രണയത്തിന്റെ പവിത്രത തുറന്നു കാട്ടിയ ഒരു പ്രണയ സാക്ഷാത്കാര മുഹൂര്‍ത്തം.ഇന്ന് രാവിലെ 10 നും 11 നും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ സരിത ശിവദാസിന് സ്വന്തമായി.വെങ്ങപ്പള്ളി ലാന്‍സ് കോളനിയിലെ ശിവദാസന്റെ മുറപ്പെണ്ണാണ് ചൂരിയാറ്റ കോളനിയിലെ സബിത. പരസ്പരം സ്‌നേഹിച്ച് ജീവിച്ച ഇവരെ ഒന്നിപ്പിക്കാന്‍ കുടുംബങ്ങളും തീരുമാനിച്ചിരുന്നു. വിവാഹ നിശ്ചയവും നടത്തി. എന്നാല്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായ ശിവദാസന്‍ 8 വര്‍ഷം മുന്‍പ് ജോലിക്കിടെ ഉണ്ടായ അപകടത്തെ തുടര്‍ന്നു അരയ്ക്കു താഴെ തളര്‍ന്ന നിലയിലായി. സബിതയുടെ കരുതല്‍ നല്‍കിയ ഊര്‍ജത്തിലാണ് തളര്‍ന്നു പോയ ജീവിതം ശിവദാസന്‍ തിരികെ ജീവിതത്തിലേക്കെത്തിയത്.ഇപ്പോള്‍ എഴുന്നേറ്റിരിക്കാന്‍ കഴിയുന്ന വിധം വരെ എത്തി. അപകടം വിതച്ച ദുരിതം മാത്രം ഓര്‍ത്തു കഴിഞ്ഞ ശിവദാസനും ശിവദാസന്റെ പരിചരണം മാത്രം ജീവിതമായി കണ്ട സബിതയും വിവാഹം തന്നെ മറന്നു പോയിരുന്നു.സെക്കന്‍ഡറി പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തകരാണ് ഇവരുടെ വിവാഹം നടത്തണമെന്ന ആശയം മുന്നോട്ടു വച്ചത്. വീട്ടുകാരുടെ അനിഷ്ടം വകവയ്ക്കാതെശിവദാസനു കൂട്ടാവാന്‍ സബിതയും
സമ്മതം മൂളി. ഇന്ന് രാവിലെ നടന്ന ലളിതമായ ചടങ്ങില്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ശിവദാസ്സബിതയുടെ കഴുത്തില്‍ താലി കെട്ടി. പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തകരായ ഷമീം പാറക്കണ്ടി, ശിവദാസന്‍, പി. അനില്‍കുമാര്‍, ശാന്തി അനില്‍, സനല്‍രാജ്, ജൂലി സജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവാഹ ഒരുക്കങ്ങള്‍.