ഇരിപ്പിട സമരം നടത്തി

0

സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇരിപ്പിട സമരം നടത്തി. രണ്ട് വര്‍ഷമായിട്ടും കൗണ്‍സിലര്‍മാര്‍ക്ക് ഇരിക്കാനുള്ള സൗകര്യം നഗരസഭയില്‍ ഏര്‍പ്പെടുത്തിയില്ലന്നാരോപിച്ചായിരുന്നു നഗരസഭയുടെ മുന്നില്‍ പേപ്പര്‍ വിരിച്ച് ഇരിപ്പിട സമരം നടത്തിയത്.തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും കൗണ്‍സിലര്‍മാര്‍ക്ക് ഇരിക്കാന്‍ ഇതുവരെ സൗകര്യമൊരുക്കിയിട്ടില്ല. ഇതുകാരണം ഡിവിഷനുകളില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്ക് നഗരസഭയിലെത്തുന്നവര്‍ക്ക് കൗണ്‍സിലര്‍മാര്‍ അപേക്ഷകള്‍ എഴുതി നല്‍കുന്നത് പുറത്തുനിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ മുകളില്‍വെച്ചാണ്.പലതവണ ബന്ധപ്പെട്ടവരോട് പറഞ്ഞിട്ടും നടപടിയാകാത്ത സാഹചര്യത്തിലാണ് നഗരസഭ അങ്കണത്തില്‍ പേപ്പര്‍വിരിച്ച് നെയിംബോര്‍ഡുകള്‍ സ്ഥാപിച്ചും ഇരിപ്പിട സമരം നടത്തിയതെന്നും കൗണ്‍സിലര്‍ സി കെ ഹാരിഫ് പറഞ്ഞു.പ്രതിഷേധ പരിപാടിക്ക് കൗണ്‍സിലര്‍മാരായ രാധാരവീന്ദ്രന്‍, സി കെ ഹാരിഫ്, അസീസ് മാടാല, പി സംഷാദ്, ഷൗക്കത്ത് കള്ളിക്കൂടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.അതേസമയം കൗണ്‍സിലര്‍മാര്‍ക്ക് ഇരിക്കാനുള്ള മേശയും കേസരയുമെല്ലാം വാങ്ങിയിട്ടുണ്ടങ്കിലും സ്ഥലപരിമിതിമൂലമാണ് വൈകുന്നതെന്നും അടുത്തമാസത്തോടെ സൗകര്യമാകുമെന്നും നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!