മെഡിക്കല്‍ കോളേജില്‍ നഴ്‌സിന് നേരെ ആക്രമണം പ്രതിഷേധവുമായി സ്റ്റാഫ് കൗണ്‍സില്‍
വയനാട് മെഡിക്കല്‍ കോളേജില്‍ നഴ്‌സിന് നേരെ ആക്രമണം പ്രതിഷേധവുമായി സ്റ്റാഫ് കൗണ്‍സില്‍.ഇന്നലെ രാത്രി ചികിത്സക്കെത്തിയ രോഗിയുടെ ബന്ധുക്കളാണ് നഴ്‌സിനെ അക്രമിച്ചത്.പ്രതിക്കെതിരെ മാനന്തവാടി പോലീസ് കേസ് എടുത്തു.അക്രമത്തില്‍ പ്രതിഷേധിച്ച് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ജീവനകാരും ആശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധിക്കുകയും ചെയ്തു. അതെ സമയം ആരോപണം അടിസ്ഥാനരഹിതമെന്ന് രോഗിയുടെ ബന്ധുക്കള്‍. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, കേരള ഹെല്‍ത്ത് സര്‍വ്വീസ് ആക്ട് എന്നിവ പ്രകാരമാണ് കേസ് എടുത്തത്.തിങ്കളാഴ്ച്ച രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം.പനി ബാധിച്ച് രോഗിയെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കിയിരുന്നു. മരുന്നും ഇഞ്ചക്ഷനും നല്‍കിയിട്ടും പനി കുറയാത്ത സാഹചര്യത്തില്‍ രണ്ടാമത് ഡോസ് മരുന്ന് നല്‍കുന്നതിനിടെയാണ് രോഗിയുടെ കൂടെയുള്ള ഒരാള്‍ നഴ്‌സിനോട് തട്ടിക്കയറുകയും അക്രമിക്കുകയും ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ മാനന്തവാടി പോലീസ് കേസെടുത്ത് നഴ്‌സിന്റെ മൊഴി രേഖപ്പെടുത്തുകയും കൊയിലേരി സ്വദേശിയായ ഒരാള്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തു.