ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ അന്യംനിന്നു കൊണ്ടിരിക്കുന്ന ഔഷധ സസ്യ ലതാതികളും വംശ നാശ ഭീഷണി നേരിടുന്ന വൃക്ഷങ്ങളും സംരക്ഷിക്കുകയും അവയുടെ അറിവുകള്‍ വരും തലമുറക്ക് പകരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നസീറ ഗാര്‍ഡന്‍സ് എന്ന പേരില്‍ ഒരു ഔഷധ സസ്യോദ്യാനം നിര്‍മ്മിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്പൂര്‍ണ രീതിയില്‍ പണികഴിപ്പിക്കുന്ന കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ ആദ്യത്തെ ബോട്ടോണിക്കല്‍ പാര്‍ക്കായ നസീറ ഗാര്‍ഡന്റെ സാങ്കേതിക മേല്‍നോട്ടം വഹിക്കുന്നത് എം എസ് സ്വാമിനാഥന്‍ റിസേര്‍ച്ച് ഫൗണ്ടഷന്‍ ആണ്.
ഹോര്‍തൂസ് മലബാറിക്കസ് എന്ന പേരില്‍ ഔഷധ സസ്യങ്ങളും ക്ലൈമ്പര്‍ സോണില്‍ കുറ്റിച്ചെടികളും വള്ളികളും ആര്‍ബോറേട്ടം എന്ന പേരില്‍ വംശ നാശം വന്നുകൊണ്ടിരിക്കുന്ന പശ്ചിമഘട്ട മേഖലകളില്‍ അപൂര്‍വമായി കണ്ടുവരുന്ന വൃക്ഷങ്ങളും ഉള്‍പ്പെടെ മൂന്ന് ഏക്കറോളം വ്യാപ്തിയില്‍ മൂന്ന് തലങ്ങളായിട്ടാണ് പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന സന്നദ്ധ കൂട്ടായ്മയായ ആസ്റ്റര്‍ വളണ്ടീയേഴ്‌സാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഡോ. മൂപ്പന്‍സ് ആക്കാദമിയുടെ കീഴിലുള്ള റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനും ക്യാമ്പസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഈ സസ്യോദ്യാനം ഒരു മുതല്‍ക്കൂട്ടായിരിക്കും.
പദ്ധതിയുടെ ഔദ്യോതീക പ്രഖ്യാപനം ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെയും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെയും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിക്കും. കമ്പസ്സില്‍ വെച്ച് നടക്കുന്ന ചടങ്ങ് എം എസ് സ്വാമിനാഥന്‍ റിസര്‍ച് ഫൌണ്ടേഷന്‍ ചെയര്‍പേഴ്‌സണും ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറുമായ ഡോ.മധുര സ്വാമിനാഥന്‍ ഉല്‍ഘാടനം ചെയ്യും. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീര്‍, ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്താ, എം എസ് എസ് ആര്‍ എഫ് സീനിയര്‍ ഡയറക്റ്റര്‍ ഡോ. അനില്‍ കുമാര്‍, ഡോ. ഷകീല തുടങ്ങിയവര്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. വാസിഫ് മായന്‍, എം എസ് സ്വാമിനാഥന്‍ റിസര്‍ച് ഫൌണ്ടേഷന്റെ കീഴിലുള്ള കമ്മ്യൂണിറ്റി ആഗ്രോ ബയോ ഡൈവേഴ്‌സിറ്റി സെന്ററിന്റെ ഡയറക്ടര്‍ ഡോ. ഷകീല,എ ജി എം ഡോ. ഷാനവാസ് പള്ളിയാല്‍, സീനിയര്‍ ലോ ഓഫീസറും പദ്ധതിയുടെ ചുമതല നിര്‍വഹിക്കുന്നതുമായ അഡ്വ. സലാസി കല്ലങ്കോടന്‍ എന്നിവര്‍ സംസാരിച്ചു.