ബെന്നിച്ചന്‍ തോമസ് മുഖ്യവനം മേധാവി

0

ബെന്നിച്ചന്‍ തോമസ് കേരളത്തിന്റെ പുതിയ മുഖ്യവനം മേധാവി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നിലവില്‍ വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായി സേവനമനുഷ്ഠിച്ച് വരുകയാണ്.1988 ബാച്ച് കേരള കേഡര്‍ ഐ.എഫ്.എസ്. ഉദ്യോഗസ്ഥനാണ്. തുടര്‍ച്ചയായി 34 വര്‍ഷക്കാലം വനംവകുപ്പില്‍ തന്നെ സേവനമനുഷ്ഠിച്ച വ്യക്തി എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.
ഐഎഫ്എസ് പ്രൊബേഷന് ശേഷം മൂന്നാര്‍ എഡിസിഎഫ് ആയി സര്‍വ്വീസില്‍ പ്രവേശിച്ച ഇദ്ദേഹം വനം വകുപ്പില്‍ മാങ്കുളം , നിലമ്പൂര്‍, മൂന്നാര്‍,കോന്നി, കോട്ടയം എന്നിവിടങ്ങളില്‍ ഡിഎഫ്ഓ ആയി സേവനം ചെയ്തു. പിടിപി നഗറിലുള്ള സാമൂഹ്യ വനവത്ക്കരണ വിഭാഗം മോണിറ്ററിംഗ് ആന്റ് ഇവാല്യുവേഷന്‍ ഡിസിഎഫ്, തേക്കടി വൈല്‍ഡ് ലൈഫ് പ്രിസര്‍വേഷന്‍ ഓഫീസര്‍, തേക്കടി ഇക്കോ ഡെവലപ്‌മെന്റ് ഓഫീസര്‍, തിരുവനന്തപുരം വൈല്‍ഡ് ലൈഫ് ഡിസിഎഫ് , സിസിഎഫ് ഇക്കോ ഡവലപ്‌മെന്റ് ആന്റ് ട്രൈബല്‍ വെല്‍ഫെയര്‍,വര്‍ക്കിംഗ് പ്ലാന്‍ ആന്റ് റിസര്‍ച്ച് എന്നിങ്ങനെയും ജോലി നോക്കി. കോട്ടയം പ്രോജക്റ്റ് ടൈഗര്‍ ഫീല്‍ഡ് ഡയറക്ടര്‍, എബിപി കണ്‍സര്‍വേറ്റര്‍, ഹൈറേഞ്ച് സര്‍ക്കിള്‍ സി.സി.എഫ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന നിര്‍മ്മിതി കേന്ദ്രം ഡയറക്ടര്‍, സംസ്ഥാന വനവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍-മാനേജിംഗ് ഡയറക്ടര്‍ എന്നീ ചുമതലകളും നിര്‍വ്വഹിച്ചിട്ടുണ്ട്.

പിസിസിഎഫ് (എഫ്.എല്‍.ആര്‍), പിസിസിഎഫ് ഫോറസ്റ്റ് മാനേജ്‌മെന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഔദ്യോഗിക രംഗത്ത് ബെന്നിച്ചന്‍ തോമസ് നടപ്പാക്കിയ പദ്ധതികള്‍ ഏറെയാണ്. 1997-2000 കാലത്ത് തേക്കടി ഇക്കോ ഡവലപ്‌മെന്റ് ഓഫീസറായിരിക്കെ നടപ്പാക്കിയ പെരിയാര്‍ മോഡല്‍ (ഇന്ത്യാ ഇക്കോ ഡവലപ്‌മെന്റ് പ്രോജക്റ്റ്) രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.
സുവോളജി, ലൈഫ് സയന്‍സ്, ഫോറസ്ട്രി എന്നീ വിഷയങ്ങളില്‍ മാസ്റ്റേഴ്‌സ് യോഗ്യതയുണ്ട്. രണ്ടു വര്‍ഷം കൊച്ചി സര്‍വ്വകലാശാല പരിസ്ഥിതി വകുപ്പില്‍ എന്‍വയേണ്‍മെന്റല്‍ ബയോ കെമിസ്ട്രി എന്ന വിഷയത്തില്‍ യുജിസി ഫെല്ലോ ആയി ഗവേഷണവും നടത്തിയിട്ടുണ്ട്. മികച്ച സേവനത്തിന് നിരവധി ഗുഡ് സര്‍വ്വീസ് എന്‍ട്രികളും ദേശീയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. കോട്ടയം കിടങ്ങൂര്‍ ചെമ്പിളാവ്കര പുല്ലാട്ടുകുന്നേല്‍ കെ.വി.തോമസ്, കുട്ടിയമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ നാലാമനാണ് ബെന്നിച്ചന്‍ തോമസ്. ഭാര്യ ജോളി ബെന്നിച്ചനും മക്കളായ ബിറ്റോ, ജ്യുവല്‍,ദില്‍ എന്നിവരുമടങ്ങുന്നതാണ് കുടുംബം.

Leave A Reply

Your email address will not be published.

error: Content is protected !!