സ്വകാര്യവ്യക്തിയുടെ ഫാമില്‍ മൃഗങ്ങളോട് ക്രൂരത.
പട്ടിണികിടന്ന് മൂന്നു മാസത്തിനിടെ ഇരുപതോളം മൃഗങ്ങള്‍ ചത്തു. നാലു ദിവസമായി ഇവിടെയുള്ള ഒരു മൃഗത്തിനും ഭക്ഷണം നല്‍കിയിട്ടില്ല എന്ന് ജോലിക്കാര്‍. വെള്ളമുണ്ട വല കോട്ടില്‍ മംഗലശ്ശേരി മലയോട് ചേര്‍ന്ന് കോഴിക്കോട് ജില്ലക്കാരനായ നാസര്‍ മൂന്ന് മാസം മുമ്പാണ് ഫാം തുടങ്ങിയത്. കുതിരകള്‍, പശുക്കള്‍, മുയല്‍, താറാവ്, വിവിധ ഇനം പക്ഷികള്‍ എന്നിങ്ങനെ വളര്‍ത്തുമൃഗങ്ങളും പക്ഷികളും അടങ്ങിയ ഫാം ആയിട്ടു പോലും ഒരു സൗകര്യവും ഇവയ്ക്ക് ഒരുക്കിയിട്ടില്ല. പട്ടിണികിടന്ന് മൃഗങ്ങള്‍ ചത്തു വീണിട്ടും ഫാം ഉടമ തിരിഞ്ഞുനോക്കുന്നില്ല. ആദ്യമാസങ്ങളില്‍ കൃത്യമായി ഭക്ഷണം നല്‍കിയെങ്കിലും കഴിഞ്ഞ രണ്ടുമാസമായി മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വല്ലപ്പോഴുമാണ് ഭക്ഷണം നല്‍കുന്നത്. ഈ കാലയളവില്‍ കുതിര അടക്ക ഇരുപതോളം മൃഗങ്ങള്‍ ചത്തൊടുങ്ങി. കഴിഞ്ഞദിവസം രാത്രിയും ഒരു പശുക്കിടാവ് പട്ടിണിമൂലം ചത്തു. മൃഗങ്ങളെല്ലാം എല്ലും തോലുമായ നിലയിലാണ്. രണ്ടു ജീവനക്കാരാണ് ഇവരെ പരിപാലിക്കാന്‍ ഉള്ളത്. ഇവര്‍ക്കും കൂലിയും മറ്റും നല്‍കാത്തതിനാല്‍ ഇവരും പട്ടിണിയാണെന്നാണ് പറയുന്നത്. മൂന്നുദിവസമായി മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഒരു ഭക്ഷണം പോലും നല്‍കിയിട്ടില്ല എന്ന് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. മൃഗങ്ങളോടുള്ള ഈ ക്രൂരതക്കെതിരെ കര്‍ശന നടപടി എടുക്കണം എന്നാണ് ഉയരുന്ന ആവശ്യം. മൂന്ന് മാസം മുമ്പാണ് കോഴിക്കോട് സ്വദേശിയായ പ്രവാസി നാസര്‍ വെള്ളമുണ്ടയില്‍ സ്ഥലം വാങ്ങി അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ ഗ്രീന്‍ നെറ്റിന്റെ മറയില്‍ ഫാം തുടങ്ങിയത്.