അസമയത്ത് വീട്ടിലെത്തിയ നാലു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
അസമയത്ത് തിരുനെല്ലിയിലെ വീട്ടിലെത്തിയ എസ്.ഐ. ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പുല്‍പ്പള്ളി സ്റ്റേഷനിലെ എസ്.ഐ. കെ.എസ്. ജിതേഷ്, എ.എസ്.ഐ. സി.വി. തങ്കച്ചന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി.ജെ. സനീഷ്, സിവില്‍ പോലീസ് ഓഫീസര്‍ എന്‍. ശിഹാബ് എന്നിവരെയാണ് കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി. രാഹുല്‍.ആര്‍. നായര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസ് ഓഫീസറുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് നാലംഗ സംഘം പുലര്‍ച്ചെ ഒരുമണിയോടെയാണ് അപ്പപ്പാറയിലുള്ള വിധവയുടെ വീട്ടിലെത്തിയത്. കേസിന്റെ ഭാഗമായി സമന്‍സ് നല്‍കാനാണ് തങ്ങള്‍ എത്തിയതെന്നാണ് പോലീസുകാര്‍ വീട്ടുകാരെ അറിയിച്ചത്. വീട്ടമ്മയുടെ പ്രായമായ മാതാപിതാക്കളും പ്രസവിച്ചു കിടക്കുന്ന മകളുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മകനും മരുമകനും സമീപത്തുള്ള വിവാഹത്തിന് പങ്കെടുക്കാന്‍ പോയിരുന്നു. പോലീസ് ജീപ്പുമായെത്തിയ നാലുപേര്‍ക്കും യൂണിഫോമും ഉണ്ടായിരുന്നില്ല. കാലിലെ ചെളിയും മറ്റും ഉരച്ച് ഇവരുടെ വീട് വൃത്തികേടാക്കുകയും ചെയ്തു. സംഭവത്തില്‍ പന്തികേട് തോന്നിയ വീട്ടമ്മ ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെടുകയായിരുന്നു. മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രനാണ് സംഭവം അന്വേഷിച്ചത്. തുടര്‍ന്ന് റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാറിന് കൈമാറുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി.ക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസുകാരുടെ പേരില്‍ നടപടിയുണ്ടായത്.