തിരുവാതിരയുമായി ജില്ലാ കളക്ടര്‍

0

പിന്നണിയില്‍ വരിക്കാശ്ശേരി മന. കൈരളിയുടെ മുറ്റത്ത് മലയാളത്തിന്റെ സ്വന്തം തിരുവാതിര. അംഗനമാരില്‍ മുല്ലപ്പൂ ചൂടി കസവുമുണ്ടുടുത്ത് ജില്ലാ കളക്ടര്‍ എ.ഗീതയുടെ നേതൃത്വത്തിലുള്ള സംഘം. എന്റെ കേരളം സമാപന വേദിയില്‍ കലാപരിപാടികള്‍ക്ക് നിറഞ്ഞ സദസ്സിന്റെ ആലിംഗനം.ഔദ്യോഗികമായ തിരക്കുകള്‍ക്കിടയിലും വ്യത്യസ്തമായ കലാ പരിപാടികളെ കോര്‍ത്തിണക്കി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികള്‍ അവിസ്മരണീയമാവുകയായിരുന്നു.കലാവതരണത്തിനായി ജീവനക്കാര്‍ക്കായി ലഭിച്ച ജില്ലയിലെ ഏറ്റവും വലിയ വേദിയായും എന്റെ കേരളം മാറി.ഗോത്രസംസ്‌കൃതിയുടെ ചുവടുകളുമായി നാടോടി നൃത്തം,നാടന്‍ പാട്ടുകള്‍ തുടങ്ങി സ്വന്തം നാടിന്റെ കലാചാരുതകളുമായി കലാവിരുന്ന് സദസ്സിനെ കൈയ്യിലെടുത്തു.

ഹിറ്റ് ഗാനങ്ങളുമായി വിവിധ വകുപ്പ് ജീവനക്കാരുടെ ഗാനമേള, കവിതാലാപനം, സംഘഗാനം ഇങ്ങനെ നീണ്ടുപോവുകയായിരുന്നു കലാ സന്ധ്യ. ബി.വിഷ്ണുപ്രിയയുടെ ഗസലുകളും എന്റെ കേരളത്തിന്റെ ഇമ്പമായി. കേരളത്തനിമയുടെ നേര്‍ക്കാഴ്ചകളുമായാണ് ജീവനക്കാരുടെ കലാപരിപാടികളെല്ലാം അരങ്ങിലെത്തിയത്. ഏറ്റവും ഒടുവില്‍ അരങ്ങിലെത്തിയ എല്ലാ കലാരൂപങ്ങളെയും അണിനിരത്തി ജില്ലാ കളക്ടര്‍ എ.ഗീതയുടെ നേതൃത്വത്തിലുള്ള ഫ്യൂഷന്‍ ഷോയും സദസ്സിന്റെ മനം കവര്‍ന്നു. എന്റെ കേരളം സാംസ്‌കാരിക വേദിയില്‍ നിന്നും പുറത്തേക്ക് കവിഞ്ഞും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കലാസ്വാദകര്‍ പരിപാടി കാണാന്‍ ഒഴുകിയെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള എന്റെ കേരളം സാംസ്‌കാരിക പരിപാടികള്‍ ജില്ലയുടെ കലാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായിരുന്നു. നാടന്‍ പാട്ടുകള്‍,സൂഫി സംഗീതം ഗസല്‍ നിലാവ് , എന്നിങ്ങനെ വൈവിധ്യങ്ങളായ കലാപരിപാടികള്‍ മേളയുടെ ആകര്‍ഷണമായിരുന്നു. ജീവനക്കാരുടെ കലാ സന്ധ്യയ്ക്ക് മുമ്പ് കണിയാമ്പറ്റ ചില്‍ഡ്രന്‍സ് ഹോമിലെ വിദ്യാര്‍ഥികള്‍ യോഗ ഡാന്‍സും അവതരിപ്പിച്ചിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!