എൻ്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് തുടക്കം.
ജനങ്ങളും സർക്കാരും ഒന്നാണെന്ന തരത്തിലുള്ള വികസന സമീപനമാണ് സംസ്ഥാന സർക്കാറിനുള്ളതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാറിൻ്റെ ഒന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച എൻ്റെ കേരളം പ്രദർശന വിപണന കാർഷിക ഭക്ഷ്യമേള കൽപ്പറ്റ എസ് കെ എം ജെ സ്കൂൾ മൈതാനത്ത് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം പിണറായി സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ കേരള ജനത നെഞ്ചേറ്റിയതിൻ്റെ തുടർച്ചയാണ് രണ്ടാം പിണറായി സർക്കാർ. ജനങ്ങൾ അർപ്പിച്ച വിശ്വാസം പരിപൂർണമായി മനസിലാക്കി കൊണ്ട് കൂടുതൽ ചുമതലാബോധത്തോടെയാണ് സർക്കാറിൻ്റെ പ്രവർത്തനം. സർക്കാർ വാർഷികാഘോഷത്തെ ജനങ്ങൾ ഏറ്റെടുത്ത കാഴ്ചയാണ് കാണുന്നത്. വികസന സാധ്യതയുള്ള മേഖലകൾ കണ്ടെത്തി പരിപോഷിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ജനകീയമായാണ് സർക്കാറിൻ്റെ ഇടപെടൽ. വിദ്യാഭ്യാസ ആരോഗ്യ പശ്ചാത്തല മേഖലകളിൽ അസൂയാവഹമായ മാറ്റങ്ങളാണ് ഉണ്ടായത്. അതാണ് എൻ്റെ കേരളം എൻ്റെ അഭിമാനം എന്ന ടാഗ് ലൈൻ അന്വർത്ഥമാക്കുന്നത്. മേപ്പാടി തുരങ്ക പാത വരുന്നതോടെ വയനാട് ജില്ലയുടെ മുഖഛായ മാറും. പ്രകൃതിക്കും പരിസ്ഥിതിക്കും കോട്ടം തട്ടാത്ത നിലയിലാവും തുരങ്ക പാത നിർമ്മിക്കുക. മലയോര ഹൈവെയുടെ പ്രവൃത്തികളും പുരോഗമിക്കുന്നു.
വയനാട് പാക്കേജിൻ്റെ ഭാഗമായി ആറായിരം കോടി രൂപയുടെ വികസന പ്രവർത്തികൾ ആരംഭിച്ച് കഴിഞ്ഞു. ഇങ്ങിനെ വലിയ മാറ്റങ്ങളാണ് ജില്ലയിൽ സംഭവിക്കുന്നത്. മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വികസന നേട്ടങ്ങളെ വർഗ്ഗീയ വിഷം പടർത്തി തകർക്കാനുള്ള ശ്രമങ്ങൾ നാട്ടിൽ നടക്കുന്നുണ്ടെന്നും ജനകീയ വികസന നയം കൊണ്ട് വർഗ്ഗീയതയെ ചെറുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ് ബിന്ദു അധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികൾക്കുള്ള പുരസ്കാര ദാനവും മന്ത്രി എ കെ ശശീന്ദ്രൻ നിർവ്വഹിച്ചു.
ഒ ആർ കേളു എം എൽ എ യുടെ ആശംസാ സന്ദേശം ചടങ്ങിൽ വായിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. നസീമ ടീച്ചർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാർ, സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി കെ രമേശ്, ജില്ലാ പഞ്ചായത്ത് സാമൂഹ്യക്ഷേമ സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, ജില്ലാ പൊലീസ് മേധാവി ഡോ അരവിന്ദ് സുകുമാർ, മാനന്തവാടി സബ് കലക്ടർ ആർ ശ്രീലക്ഷ്മി, പി ആർ ഡി മേഖലാ ഡെപ്യൂട്ടി ഡയരക്ടർ ഇ കെ പത്മനാഭൻ, എന്നിവർ സംസാരിച്ചു. ജില്ലാ കലക്ടർ എ ഗീത സ്വാഗതവും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ മുഹമ്മദ് നന്ദിയും പറഞ്ഞു.
എന്റെ കേരളം പ്രദർശന മേള ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി വിവിധ തീം സ്റ്റാളുകളും വിപണന കാർഷിക സ്റ്റാളുകളും കുടുംബശ്രീയുടെ ഭക്ഷ്യ മേളയും സന്ദർശിച്ചു. എല്ലാ ദിവസവും രാവിലെ 10.30 ന് പ്രദർശനം ആരംഭിക്കും. മെയ് 13 നാണ് സമാപനം.