കല്‍പ്പറ്റയില്‍ ഗതാഗത പരിഷ്‌കാരം മെയ് 1 മുതല്‍

0

കല്‍പ്പറ്റ നഗരത്തില്‍ ഗതാഗത പരിഷ്‌കാരം മെയ് 1 ഞായറാഴ്ച മുതല്‍ നടപ്പാക്കാന്‍ മുനിസിപ്പല്‍ ട്രാഫിക് അഡൈ്വസറി സമിതി തീരുമാനിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു.

ട്രാഫിക് ജംഗ്ഷന്‍ മുതല്‍ കൈനാട്ടി വരെയുള്ള പ്രധാന റോഡിന്റെ ഇടത് വശം (പടിഞ്ഞാറ് ഭാഗം) വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല. വലത് വശത്ത് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. നിലവിലുള്ള ഓട്ടോ-ഗുഡ്സ്-ടാക്സി സ്റ്റാന്റുകളില്‍ അത്തരം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കും.

പിണങ്ങോട് ജംഗ്ഷനില്‍ ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം സ്ഥാപിക്കുന്നതോടെ പള്ളിതാഴെ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. തുടര്‍ന്ന് എച്ച്.ഐ.എം.യു.പി.സ്‌കൂള്‍ മുന്‍വശമുള്ള റോഡ് ഘട്ടംഘട്ടമായി നവീകരിച്ച് വാഹനങ്ങള്‍ക്ക് പ്രധാന റോഡിലേക്ക് പ്രവേശനം അനുവദിക്കും. കൂടാതെ ആനപ്പാലം ജംഗ്ഷന്‍ റോഡിലെ വണ്‍വെ ഒഴിവാക്കും.

നഗരത്തിലെത്തുന്ന മുഴുവന്‍ ബസുകളും പുതിയ ബസ്സ്റ്റാന്റില്‍ കയറണം. പഴയ ബസ്റ്റാന്റില്‍ സ്വകാര്യവാഹന പാര്‍ക്കിംഗ് നിരോധിച്ചു. ബസ് സ്റ്റാന്റില്‍ നിന്നും നിശ്ചയിക്കപ്പെട്ട ബസ്സ്റ്റോപ്പുകളില്‍ നിന്നല്ലാതെ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും നിയന്ത്രിക്കുന്നതും ലംഘിച്ചാല്‍ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കും.

ചെറുറോഡുകളിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിലെ ഗതാഗത തടസ്സമൊഴിവാക്കാനായി 50 മീറ്റര്‍ ദൂരം പാര്‍ക്കിംഗ് അനുവദിക്കില്ല. ചരക്ക് വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും.

കല്‍പ്പറ്റയില്‍ ഗതാഗത പരിഷ്‌കാരം നടപ്പാക്കുന്നതിന്റെ ഭാഗമായി കൈനാട്ടിയിലെ ഓട്ടോമാറ്റിക് ട്രാഫിക് സിഗനല്‍ സംവിധാനം അന്തിമഘട്ടത്തിലാണ്. ട്രാഫിക് ജംഗ്ഷന്‍, പിണങ്ങോട് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ഘട്ടംഘട്ടമായി നഗരസഭ ഓട്ടോമാറ്റിക് സിഗനല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതോടെ ഗതാഗത കുരുക്കിന് പരിഹാരമാവുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!