പണിമുടക്ക് ദിനത്തില്‍ പാതയോരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നാലു കുട്ടികള്‍.ആരും ജോലിചെയ്യാതിരുന്ന ഒരു പകല്‍കൊണ്ട് അവര്‍ ശേഖരിച്ചത് നാലു ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. അമ്പലവയല്‍ ജി.വി.എച്ച്.എസ്. സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ആര്യന്‍ ശിവ, ഫാരിസ് ഫിറോസ്, മുഹമ്മദ് ഹിസാന്‍, അമന്‍ റോഷ് എന്നിവരാണ് പണിമുടക്ക് ദിനത്തില്‍ നാടിന് നന്‍മചെയ്യാനിറങ്ങിയത്.അമ്പലവയല്‍ പഞ്ചായത്ത് കാര്യാലയം മുതല്‍ വീടുവരെയുളള മാലിന്യങ്ങള്‍ ശേഖരിച്ചു.
അമ്പലവയല്‍ ഗവ. എല്‍.പി. സ്‌കൂളിന് സമീപമാണ് കുട്ടികള്‍ താമസിക്കുന്നത്.
അവധി കിട്ടിയാല്‍ നേരേ സ്‌കൂള്‍ മൈതാനത്തേക്ക് കുതിക്കുകയാണ് പതിവ്. പണിമുടക്കുകാരണം രണ്ടുദിവസം സ്‌കൂളില്ലെന്നറിഞ്ഞപ്പോള്‍ കൂട്ടത്തില്‍ മുതിര്‍ന്നയാളാണ് മാലിന്യശേഖരണത്തെക്കുറിച്ച് പറഞ്ഞത്. അയല്‍വാസികളായ മറ്റു മൂന്നുപേരും തയ്യാറായി. വീട്ടില്‍ പറഞ്ഞപ്പോള്‍ മാതാപിതാക്കളും സമ്മതംമൂളി. ഓരോ ചാക്കും കക്ഷത്തില്‍വെച്ച് അവര്‍ രാവിലെ ഇറങ്ങി.അമ്പലവയല്‍ പഞ്ചായത്ത് കാര്യാലയം മുതല്‍ വീടുവരെയുളള മാലിന്യങ്ങള്‍ ശേഖരിച്ചു. പാതയുടെ ഇരുവശത്തും അലക്ഷ്യമായി ഉപേക്ഷിച്ച പ്ലാസ്റ്റിക് കവറുകളും കുപ്പികളുമാണ് ഏറെയുണ്ടായിരുന്നത്. എല്ലാം ചാക്കിലാക്കി അവര്‍തന്നെ കൊണ്ടുപോയി. നാളെ രാവിലെ വീണ്ടുമിറങ്ങാനാണ് കുട്ടികളുടെ തീരുമാനം. ഈ ഭൂമി പ്ലാസ്റ്റിക്കുകാരണം നശിക്കുകയാണ്. ഞങ്ങളെക്കൊണ്ട് സാധിക്കുന്നത് ഞങ്ങള്‍ ചെയ്യുന്നു അത്രമാത്രം.