ജല ശുചിത്വ യജ്ഞം ക്യാമ്പയിന് തുടക്കമാകുന്നു

0

തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ്ണ ജല ശുചിത്വ യജ്ഞം ക്യാമ്പയിന് തുടക്കമാകുന്നു. വയനാട് ജില്ലയിലെ മുഴുവന്‍ ജലാശയങ്ങളേയും മാലിന്യ മുക്തമായും വൃത്തിയായും സംരക്ഷിക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. മാര്‍ച്ച് 22 ജലദിനത്തില്‍ ജില്ലാതല ഉദ്ഘാടനം കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന ജില്ലാ ജലസമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിക്കും. അതോടൊപ്പം ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ക്യാമ്പയിന്‍ ഉദ്ഘാടനം നടക്കും. ജില്ലാ ഭരണകൂടം,തദ്ദേശ സ്വയംഭരണ വകുപ്പ്,ഹരിത കേരളം മിഷന്‍ ,ശുചിത്വ മിഷന്‍ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ജലാശയങ്ങളെ മാലിന്യ മുക്തമാക്കുക എന്നതിനോടൊപ്പം മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ജലാശയങ്ങളുടെ ശുചിത്വ അവസ്ഥ പരിശോധിച്ച് മലിനീകരിക്കപ്പെട്ടിട്ടുള്ള ഇടങ്ങള്‍ കണ്ടെത്തുകയും അവയുടെ ലിസ്റ്റ് തയ്യാറാക്കുകയും ചെയ്യും.ഗുരുതര മലിനീകരണം നേരിടുന്ന ഉറവിടങ്ങളില്‍ പ്രഥമിക ജല ഗുണനിലവാര പരിശോധന നടത്തി ജനകീയ ശുചീകരണം നടത്തും. മാലിന്യ നിക്ഷേപം തടയുന്നതിനും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുമായി തദ്ദേശസ്ഥാപനതല കര്‍മ്മ പദ്ധതി രൂപീകരിക്കും. ഗാര്‍ഹിക -സ്ഥാപന പൊതു സ്ഥലങ്ങളില്‍ ഖര ദ്രവ മാലിന്യ പരിപാലന സംവിധാനങ്ങളൊരുക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ്ണശുചിത്വ പദവി നേടുന്നതിനും ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു.

വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഏജന്‍സികളേയും,വിദ്യാര്‍ത്ഥികളേയും,യുവജനങ്ങളേയും,സന്നദ്ധ സംഘടനകളേയും ,മറ്റ് സര്‍ക്കാര്‍ ഏജന്‍സികളേയും പങ്കെടുപ്പിച്ച് കൊണ്ട് ജനകീയ വിദ്യാഭ്യാസ പരിപാടിയായാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ജില്ലാതലം മുതല്‍ തദ്ദേശസ്ഥാപന വാര്‍ഡ് തലം വരെ ജലസമിതികള്‍ രൂപീകരിക്കും.

ജലസ്രോതസുകളിലേക്ക് എത്തിച്ചേരുന്ന മലിനീകരണ ഉറവിടങ്ങള്‍ കണ്ടെത്തുന്നതിനായി വാര്‍ഡ് തലത്തില്‍ ജല നടത്തം സംഘടിപ്പിക്കുകയും അവ മാപ്പിംഗ് ചെയ്യുകയും ചെയ്യും. മാപ്പിംഗില്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വാര്‍ഡ്തല ജലസമിതി അധ്യക്ഷന്റെ നേതൃത്വത്തില്‍ ജലസഭ കൂടുകയും സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് അയക്കുകയും ജനകീയ ശുചീകരണം സംഘടിപ്പിക്കുകയും ചെയ്യും. ജലസ്രോതസ്സുകള്‍ ശുചീകരിക്കുന്നതു വഴിയുണ്ടാകുന്ന മാലിന്യങ്ങള്‍ അഴുകുന്നത്,അഴുകാത്തത്., പ്ലാസ്റ്റിക്,മെറ്റല്‍,ഗ്ലാസ്സ് എന്നിങ്ങനെ ഹരിത കര്‍മ്മ സേനയെ കൂടി ഉള്‍പ്പെടുത്തി പ്രത്യേകം തരം തിരിക്കുകയും അഴുകാത്ത മാലിന്യങ്ങല്‍ ക്ലീന്‍ കേരള കമ്പനിക്കോ മറ്റ് പാഴ് വസ്തു വ്യാപാരികള്‍ക്കോ നല്‍കും.

നവകേരളം കര്‍മ്മ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ജലസ്രോതസ്സുകളെ വീണ്ടെടുക്കുന്നതിനായി ആരംഭിച്ച ‘ഇനി ഞാന്‍ ഒഴുകട്ടെ പൊതു ക്യമ്പയിന് അനുബന്ധമായാണ് ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. മാര്‍ച്ച് 22 ജലദിനം മുതല്‍ ഏപ്രില്‍ 22 ലോക ഭൗമ ദിനം വരെ നീളുന്നതാണ് തെളിനീരൊഴുകും നവകേരളം ക്യമ്പയിന്‍.

Leave A Reply

Your email address will not be published.

error: Content is protected !!