ഹിജാബ് നിരോധനം: ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് തള്ളി

0

 

ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് തള്ളി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള വിശാല ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.കേസില്‍ വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു, മൈസൂരു, ബെളഗാവി എന്നിവിടങ്ങളില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രകടനങ്ങള്‍ക്കും ആളുകള്‍ ഒത്തുചേരുന്നതിനും നിരോധനമുണ്ട്. ഉഡുപ്പി, ശിവമൊഗ്ഗ എന്നിവിടങ്ങളിലടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

ഹിജാബ് ധരിച്ചതിനെ തുടര്‍ന്ന് ഉഡുപ്പി പിയു കോളജില്‍ നിന്ന് പുറത്താക്കിയ ആറു വിദ്യാര്‍ഥിനികളാണ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. ഹിജാബ് നിരോധനം മൗലികാവകാശത്തിന്റെ ലംഘനമെന്നാണ് വിദ്യാര്‍ഥികളുടെ വാദം. സിംഗിള്‍ ബെഞ്ചില്‍ നല്‍കിയിരുന്ന ഹര്‍ജി പിന്നീട് വിശാല ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ ഭരണഘടനാ വിഷയങ്ങള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍, ഹിജാബ് വിലക്കിന്‍മേലുള്ള ഹര്‍ജികള്‍ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിടേണ്ടതുണ്ടെന്നു സിംഗിള്‍ ബെഞ്ച് വിലയിരുത്തുകയായിരുന്നു.

ഹര്‍ജിയില്‍ വാദം കേള്‍ക്കവെ, ക്യാംപസില്‍ ഹിജാബ് ധരിക്കാമെന്നും ക്ലാസില്‍ ഇരിക്കുമ്പോള്‍ പാടില്ലെന്നേ നിര്‍ദേശിച്ചിട്ടുള്ളൂ എന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഹിജാബിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഹിജാബ് വിലക്കി സംസ്ഥാനം ഉത്തരവിട്ടിട്ടില്ലെന്നും വിദ്യാലയ വികസന സമിതികള്‍ക്കു തീരുമാനമെടുക്കാമെന്നാണു വ്യക്തമാക്കിയതെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ വിദ്യാലയ വികസന സമിതി ഹിജാബ് അനുവദിച്ചാല്‍ സര്‍ക്കാര്‍ എതിര്‍ക്കുമോ എന്നു ഹൈക്കോടതി ചോദിച്ചിരുന്നു.അതിനിടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോമിന്റെ ഭാഗമല്ലാത്ത എല്ലാ വസ്ത്രധാരണവും വിലക്കി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. സര്‍ക്കാര്‍ പ്രീ യൂണിവേഴ്‌സിറ്റി കോളജുകളില്‍ ഉള്‍പ്പെടെ കര്‍ണാടക വിദ്യാഭ്യാസനയ പ്രകാരമുള്ള യൂണിഫോം ധരിച്ചെത്തുന്നവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. വിദ്യാലയങ്ങളിലെ സമത്വത്തിനു കോട്ടമുണ്ടാക്കുന്ന വസ്ത്രധാരണം അനുവദിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. വിവാദത്തില്‍ ഹൈക്കോടതി വിധി വരുന്നത് വരെ നിലവിലെ ചട്ടം തന്നെ തുടരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!