സ്‌കില്‍ പാര്‍ക്കില്‍ നൈപുണ്യ പരിശീലനം ധാരണാപത്രം ഒപ്പിട്ടു

0

 

രാജ്യത്തെ പ്രമുഖ ഊര്‍ജ്ജ ഉല്‍പാദക കമ്പനിയായ ടാറ്റാ പവര്‍ ലിമിറ്റഡ് മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ നൈപുണ്യ പരിശീലനം സൗകര്യമൊരുക്കുന്നു. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ സാന്നിധ്യത്തില്‍ അസാപ് കേരള ചീഫ് മാനേജിങ് ഡയറക്ടര്‍ ഡോ.ഉഷ ടൈറ്റസ്,ടാറ്റാ പവര്‍ ബ്രാന്‍ഡിംഗ്, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് കോര്‍പ്പറേറ്റ് റെസ്പോണ്‍സിബിലിറ്റി വിഭാഗം മേധാവി ജ്യോതികുമാര്‍ ബന്‍സാല്‍ എന്നിവര്‍ ഒപ്പുവെച്ചു.മാനന്തവാടിയിലെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നൈപുണ്യ പരിശീലന കേന്ദ്രം നടത്തുന്നതിനാണ് ടാറ്റ പവര്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ട്രസ്റ്റിനെ രാഹുല്‍ ഗാന്ധി എം.പി. മുന്‍കയ്യെടുത്താണ് വയനാട്ടില്‍ എത്തിച്ചത്.കളക്ടറേറ്റിലെ ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ.ഗീത,സബ് കളക്ടര്‍ ശ്രീലക്ഷ്മി,ടാറ്റാ പവര്‍ സ്‌കില്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് ജയ്വദന്‍ മിസ്റ്റി,ടാറ്റാ പവര്‍ സി എസ് ആര്‍ ഫോറം മേധാവി നാഗോരി, അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ ശ്രീരഞ്ച് എസ്, പ്രോഗ്രാം മാനേജര്‍മാരായ ജിതേഷ്, സനല്‍ കൃഷ്ണന്‍, പ്രണോബ് ജയിംസ്, മുഹമ്മദ് ആസിഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഇലക്ട്രിക്കല്‍, സൗരോര്‍ജ്ജം, ഇന്‍ഡട്രിയല്‍ സേഫ്റ്റി, എല്‍.വി/ എം.വി കേബിള്‍ ജോയിന്റര്‍, യൂത്ത് ഡെവല്പ്പ്മെന്റ് മൊഡ്യൂള്‍, യു.എക്സ് ഡിസൈന്‍, ഡാറ്റാ സയന്‍സ് തുടങ്ങിയ കോഴ്സുകളാണ് ടാറ്റാ പവര്‍ സ്‌കില്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ടാറ്റാ സ്ട്രൈവിന്റെയും നേതൃത്വത്തില്‍ നടത്തുന്നത്. സൗജന്യ നിരക്കിലാണ് തൊഴില്‍ പരിശീലനം. ജില്ലയിലെ ഗോത്രവിഭാഗക്കാരുള്‍പ്പെടെയുളള യുവജനങ്ങള്‍ക്ക് നൈപുണ്യ വികസനത്തിന് എറെ പ്രയോജനകരമായിരിക്കും പദ്ധതിയെന്നും എല്ലാവരും അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു.സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായി സ്ഥാപിച്ച കമ്പനിയാണ് അസാപ് കേരള. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് പ്രവര്‍ത്തനം. ഏതു പ്രായക്കാര്‍ക്കും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളും അസാപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാനന്തവാടിക്കടുത്ത് തോണിച്ചാലില്‍ 14 കോടി ചെലവിലാണ് അത്യാധുനിക നിലവാരത്തിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സജ്ജമായത്. 25000 ചതുരശ്ര അടിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നാല് നിലകളിലായാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ഒരേ സമയം 300 പേര്‍ക്ക് 24 മണിക്കൂറും ഇവിടെ പരിശീലനം നല്‍കാനാവും. ഹെവി മെഷിനറി, ഐടി, ആക്ടിവിറ്റി, പ്രിസിഷന്‍ പരിശീലനങ്ങള്‍ക്കുള്ള സൗകര്യവും ഉണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!