കല്പ്പറ്റ നഗരസഭയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ക്ലീന്‍ കല്പ്പറ്റ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മുക്ത ആശുപത്രി ക്യാമ്പസ് പദ്ധതിയ്ക്ക് തുടക്കം. കല്‍പ്പറ്റ ജനറല്‍ ആശുപത്രി പരിസരത്ത് നടത്തിയ പദ്ധതിയുടെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വ്വഹിച്ചു.കല്‍പ്പറ്റ നഗരസഭയും ശുചിത്വമിഷനും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.പദ്ധതിയുടെ ഭാഗമായി ആശുപത്രിയും പരിസരവും ശുചീകരണത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നതോടൊപ്പം പ്ലാസ്റ്റിക് കവറുകള്‍ക്കും മറ്റും ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
പ്ലാസ്റ്റിക് മുക്ത ആശുപത്രിയും പരിസരവും ബോധവല്കരണത്തിലൂടെ ലക്ഷ്യത്തിലെത്താനാവും. ഘട്ടംഘട്ടമായി നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്, സര്ക്കാര്-അര്ദ്ധ സര്ക്കാര്-സ്വകാര്യ ഓഫീസുകളിലും വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും പ്ലാസ്റ്റിക്കിന് വിലക്കേര്‌പ്പെടുത്തും. ക്ലീന് കല്പ്പറ്റ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധങ്ങളായ പരിപാടികള് വിജയിപ്പിക്കാനും പ്ലാസ്റ്റിക് മുക്ത ആശുപത്രിയും പരിസരവും കൂടാതെ നഗരവും എന്നത് ലക്ഷ്യത്തിലെത്തിക്കാനും ജനകീയ പിന്തുണയോടെ നടപ്പാക്കാനാവുമെന്നും ചെയര്മാന് കേയംതൊടി മുജീബ് പറഞ്ഞു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ അജിത പരിപാടിയില്‍ അധ്യക്ഷനായിരുന്നു. നഗരസഭാ കൗണ്‍സിലര്‍മാരും ആശുപത്രി അധികൃതരും പരിപാടിയില്‍ പങ്കെടുത്തു.