സിന്ധുവിന്റെ ആത്മഹത്യ; ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റത്തിന് ശുപാര്‍ശ
മാനന്തവാടി സബ് ആര്‍ടിഒയിലെ സീനിയര്‍ ക്ലര്‍ക്ക് സിന്ധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഓഫിസില്‍ കൂട്ട സ്ഥലംമാറ്റത്തിന് ശുപാര്‍ശ. ഓഫിസിലെ 11 പേരെ വയനാട് ജില്ലയ്ക്ക് അകത്തും പുറത്തുമായി സ്ഥലം മാറ്റണമെന്ന് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ ശുപാര്‍ശ ചെയ്തു. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് കൈമാറി.മാനന്തവാടി സബ് ആര്‍.ടി ഓഫിസിലെ മിക്ക ജീവനക്കാരും 8 വര്‍ഷത്തോളമായി ഇതേ ഓഫിസില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. ഇത് കൂടി കണക്കിലെടുത്താണ് കൂട്ടസ്ഥലമാറ്റമെന്നാണ് വിവരം. പൊലിസ് അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ചാകും ജൂനിയര്‍ സുപ്രന്റിനെതിരെയുള്ള കൂടുതല്‍ വകുപ്പ് തല നടപടികള്‍.
കഴിഞ്ഞ ബുധനാഴ്ച്ച രാവിലെയാണ് സിന്ധുവിനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫീസിലെ മാനസിക പീഡനം മൂലമാണ് ആത്മഹത്യയെന്നഗുരുതര ആരോപണം ഉയര്‍ന്നതോടെ ഗതാഗത മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യ ആരോപണവിധേയയായ ജൂനിയര്‍ സൂപ്രണ്ട് അജിത കുമാരിയോട് 15 ദിവസത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.അന്തിമ റിപ്പോര്‍ട്ടില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചനയുമുണ്ടായിരുന്നു.