അഖില കേരള ചിത്ര രചനാമത്സരം മക്കിയാട് നടന്നു
വിദ്യാര്‍ത്ഥികളിലെ കലാവാസനകളെ തൊട്ടറിഞ്ഞ് അഖില കേരള ചിത്ര രചനാമത്സരം മക്കിയാട് നടന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്തത്. മക്കിയാട് ഹോളി ഫേസ് ഇംഗ്ലീഷ് സ്‌കൂളും, ബാലജന സഖ്യവും സംയുക്തമായാണ് മക്കിയാട് ഹോളി ഫേസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വച്ച് അഖില കേരള ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്. നേഴ്‌സറി ക്ലാസ് മുതല്‍ ഹൈസ്‌കൂള്‍ ക്ലാസ് വരെയുള്ള അഞ്ച് വിഭാഗങ്ങളായി ആണ് മത്സരം സംഘടിപ്പിച്ചത്. നഴ്‌സറി ക്ലാസ്സുകളില്‍ ക്രയോണ്‍സ് ഉപയോഗിച്ചും, മറ്റ് ക്ലാസുകളില്‍ വാട്ടര്‍ കളര്‍ ഉപയോഗിച്ചായിരുന്നു മത്സരം. കുട്ടി ചിത്രകാരന്മാരുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രരചനാ മത്സരം സ്‌കൂളില്‍ സംഘടിപ്പിച്ചത്. മത്സര വിജയികള്‍ക്ക് ക്യാഷ് പ്രൈസും, ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കി. പരിപാടി സെന്റ് ബെനഡിക്ട് ആശ്രമം സുപ്പീരിയര്‍ ഫാദര്‍ ആന്‍സെലം പള്ളിത്താഴത്ത് ഉദ്ഘാടനം ചെയ്തു. പരിപാടികള്‍ക്ക് പ്രിന്‍സിപ്പാള്‍ ഫാദര്‍ സുരേഷ് മാത്യു, കണ്‍വീനര്‍ എ.വി മാത്യു, ചാര്‍ലി ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.