സുല്‍ത്താന്‍ ബത്തേരി ടൗണില്‍ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍ മാര്‍ച്ച് 1 മുതല്‍ ചുങ്കത്തെ നവീകരിച്ച മാര്‍ക്കറ്റിലേക്ക് മാറ്റും. തീരദേശ വികസന കോര്‍പ്പറേഷനും, നഗരസഭയും ചേര്‍ന്ന് 3 കോടിയോളം രൂപ ചെലവഴിച്ചാണ് മാര്‍ക്ക് നിര്‍മ്മിച്ചത്. മുമ്പ് ചുരുങ്ങിയ കാലയളവില്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ഇവിടെ ആരംഭിച്ചെങ്കിലും പിന്നീട് ആദ്യംപ്രവര്‍ത്തിച്ച സ്ഥലങ്ങളിലേക്ക് തന്നെ മാറുകയായിരുന്നു.
2012ല്‍ സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ രണ്ടര കോടി രൂപ ചെലവഴിച്ചാണ് ചുങ്കം ബസ്റ്റാന്റ് പരിസരത്ത് ആധുനിക മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും വളരെ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് ഇവിടെ പ്രവര്‍ത്തനം ഉണ്ടായിരുന്നത്. മാര്‍ക്കറ്റിലെ സൗകര്യങ്ങളുടെ അഭാവം കാരണം കച്ചവടക്കാര്‍ ടൗണില്‍ ആദ്യം മാര്‍ക്കറ്റ് പ്രവര്‍ത്തിച്ച വിവിധ ഇടങ്ങളിലേക്ക് തന്നെ മാറുകയായിരുന്നു. പിന്നീട് നഗരസഭ 38 ലക്ഷം രൂപ ചെലവഴിച്ച് മാംസവില്‍പ്പന സ്റ്റാളുകളും, മുറ്റം കോണ്‍ക്രീറ്റുചെയ്യലും വെള്ളസൗകര്യമടക്കമുള്ള നവീകരണം നടത്തുകയും ചെയ്തു. തുടര്‍ന്നാണ് മാര്‍ച്ച് ഒന്നുമുതല്‍ ഇവിടേക്ക്്്് മത്സ്യ- മാംസ വ്യാപാരികളെ പുനരധിവസി്പ്പിക്കാന്‍ തീരുമാനിച്ചതെന്ന് നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് പറഞ്ഞു. നിലവില്‍ സുല്‍ത്താന്‍ ബത്തേരി കോട്ടക്കുന്നിലും, അസംപ്ഷന്‍ ജംഗ്ഷനിലുമാണ് മത്സ്യ- മാംസ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.