കൊവിഡ് കാലത്തെ കൃഷി പാഠം സഹോദരങ്ങള്‍ക്ക് കര്‍ഷക അവാര്‍ഡ്
കൃഷിചെയ്തും പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും കോവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനത്തിനൊപ്പം കൃഷിപാഠവും പരിശീലിച്ച സഹോദരങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം. വെള്ളമുണ്ട ഒഴുക്കന്‍മൂല സ്വദേശികളായ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥി എയ്ഡന്‍ വര്‍ക്കി ഷിബു,ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി എയ്ഡ്രിയാന്‍ ജോണ്‍ ഷിബു എന്നിവര്‍ക്കാണ് വയനാട് ജില്ലാതല വിദ്യാര്‍ത്ഥി കര്‍ഷക അവാര്‍ഡ് ലഭിച്ചത്.
പറമ്പില്‍ ചക്കക്കുരുവും മാങ്ങയണ്ടിയും കുഴിച്ചിട്ടും ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങളില്‍ നഴ്സറി ഒരുക്കിയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സഹോദരങ്ങള്‍ പ്ലാസ്റ്റിക് ചാക്കുകളില്‍ വീട്ടുമുറ്റത്ത് പച്ചക്കറി കൃഷിയും ഗ്രോബാഗ് കൃഷിയും നടത്തി വരുന്നു. ഇടക്ക് മണ്ണില്ലാ കൃഷിയും പരീക്ഷിച്ചു. കൂടാതെ പരമ്പരാഗത രീതിയില്‍ ഇഞ്ചി, മഞ്ഞള്‍, മാങ്ങാ ഇഞ്ചി, എന്നിവയും കുഴികപ്പയും ചെയ്യുന്നുണ്ട്. കേന്ദ്ര പദ്ധതിയായ പരമ്പരാഗത കൃഷി വികാസ് യോജന പദ്ധതിയിലെ പന്തച്ചാല്‍ പി.കെ.വി.വൈ. കോഫി ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്നതാണ് ഇവരുടെ കൃഷിയിടം പൂര്‍ണ്ണമായും ജൈവ രീതിയിലാണ് കൃഷി. ക്ലസ്റ്ററിന്റെ ലീഡ് റിസോഴ്സ് പേഴ്സണും ഫാര്‍മര്‍ പ്രൊഡ്യുസര്‍ കമ്പനീസ് കണ്‍സോര്‍ഷ്യം സംസ്ഥാന സെക്രട്ടറിയുമായ സി.വി.ഷിബുവിന്റെയും ബിന്ദുവിന്റെയും മക്കളാണ് എയ്ഡനും എയ്ഡ്രിയാനും.മക്കിയാട് ഹോളി ഫെയ്സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് .കൃഷി ചെയ്യുന്ന വീഡിയോകള്‍ കുട്ടുകുഞ്ചു എന്ന യൂടൂബ് ചാനല്‍ വഴി കൂട്ടുകാരിലേക്കും എത്തിച്ച് പരിസ്ഥിതി – കാര്‍ഷിക സന്ദേശം പ്രചരിപ്പിക്കുന്നുണ്ട്.
വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിധിച്ചാണ് കര്‍ഷക ദിന അവാര്‍ഡുകള്‍ സമ്മാനിച്ചത്.
വെള്ളമുണ്ട കൃഷി ഓഫീസര്‍ കെ.ആര്‍.കോകില. അവാര്‍ഡ്. സമ്മാനിച്ചു.കൃഷി മന്ത്രി പി. പ്രസാദ് ഓണ്‍ലൈനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.പി.മാരായ രാഹുല്‍ ഗാന്ധി, എം.വി.ശ്രേയാംസ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ എ. ഗീത ,ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മുരളീധര മേനോന്‍, ചെറുവയല്‍ രാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.