ക്ഷേത്രത്തില്‍ മോഷണം; ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി
മാനന്തവാടി ശ്രീ കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രത്തില്‍ മോഷണം ശ്രീകോവില്‍ തുറന്ന് വിഗ്രഹത്തില്‍ ചാര്‍ത്തിയ ഒന്നര പവന്‍ സ്വര്‍ണാഭരണവും സി.സി.ടി.വി യുടെ ഹാര്‍ഡ് ഡിസ്‌ക്കും ഭണ്ഡാരത്തിലെ പണവും മോഷ്ടാവ് അപഹരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കല്‍പ്പറ്റയില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ക്ഷേത്രത്തില്‍ തേങ്ങ ഉടക്കാന്‍ വെച്ചിരുന്ന വാക്കത്തി കൊണ്ട് തിടപ്പള്ളിയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് തിടപ്പളളിയില്‍ സൂക്ഷിച്ചിരുന്ന ശ്രീകോവിലുകളുടെയും ഭണ്ഡാരത്തിന്റെയും പൂട്ട് തുറന്നാണ് മോഷ്ടാക്കള്‍ താലിയും പണവും അപഹരിച്ചത്. തുടര്‍ന്ന് ഓഫീസ് തുറന്ന് സി.സി.ടി.വി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക്കും എടുത്താണ് മോഷ്ടാക്കള്‍ സ്ഥലം വിട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണി വരെ ക്ഷേത്രം വാച്ചര്‍ അമ്പലത്തിനകത്ത് തന്നെ ഉണ്ടായിരുന്നു. പിന്നീട് ഓഫീസിന്റെ താഴത്തെ നിലയില്‍ ഉറങ്ങാന്‍ പോയി. പിന്നീട് ക്ഷേത്രത്തില്‍ നിന്നും ആരോ ചുമക്കുന്ന ശബ്ദം കേട്ട് എത്തി നോക്കിയപ്പോള്‍ മൂന്ന് പേര്‍ ഓടുന്നതായി കണ്ടു.
മാനന്തവാടി പോലീസ് ഇന്‍സ്പെക്ട്ടര്‍ പി.കെ.മണി സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു. കല്‍പ്പറ്റ എ.ആര്‍.ക്യാമ്പിലെ മാളു എന്ന പോലീസ് നായ സ്ഥലത്തെത്തി. വാക്കത്തിയുടെ മണം പിടിച്ച് ഓടിയ നായ ക്ഷേത്രത്തില്‍ നിന്നും 200 മീറ്റര്‍ മാറി കെ.എസ്.ആര്‍.ടി.സി. ഗ്യാരേജിന് സമീപത്തെ വാടക ക്വാട്ടേഴ്സ് വരെ എത്തി നില്‍ക്കുകയും ചെയ്തു. സമീപത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി.കളും പോലീസ് പരിശോധിച്ചു വരുന്നു.