അരക്കിലോ അതിമാരക മയക്കുമരുന്ന് പിടികൂടി
കേരള കര്‍ണ്ണാടക അതിര്‍ത്തിയായ ബാവലിയില്‍ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധയ്ക്കിടെ കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ യ്ക്ക് സമാനമായ അരക്കിലോയോളം വരുന്ന മെത്താംഫിറ്റമിന്‍ പിടികൂടി. ഗ്രാമിന് 4000 രൂപ വരെ വിലമതിക്കുന്ന മയക്കുമരുന്നാണിതെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി ആര്യന്‍കാലായില്‍ സഞ്ചു മുഹമ്മദ് അലി (40), ആലപ്പുഴ ബീച്ച് റോഡ് നെസ്റ്റ് ബംഗ്ലാവ് റിനാസ് നാസര്‍(33), എറണാകുളം ആലുവ പിലാപ്പിള്ളി സജീബ് പി.വൈ (40) എന്നിവരെ അറസ്റ്റ് ചെയ്തു.ഇന്നുച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കെ.എല്‍ 63 ജി 2439 നമ്പര്‍ ഡസ്റ്റര്‍ കാറും കസ്റ്റഡിയിലെടുത്തു.വയനാട് ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണ് ഇന്ന് നടന്നത്.
ബാവലി ചെക്‌പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ കെ ഷാജി, മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ജി രാധാകൃഷ്ണന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.പി ലത്തീഫ് , സിഇഒ മാരായ ജോഷി തുമ്പാനം, വിജേഷ് കുമാര്‍, ശിവന്‍, ഹാഷിം, ്രൈഡവര്‍ അബ്ദുള്‍ റഹീം എന്നിവരടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. ബംഗളൂരില്‍ നിന്നും എറണാകുളത്തേക്ക് കടത്തുകയായിരുന്ന മയക്കുമരുന്നാണ് ഇതെന്നാണ് സൂചനയെന്ന് അധികൃതര്‍ വ്യക്തമാക്കി.എക്‌സൈസ് വയനാട് ഡപ്യൂട്ടി കമ്മീഷണര്‍ അഗസ്റ്റിന്‍ ജോസഫ്, അസി. എക്‌സൈസ് കമ്മീഷണര്‍ ടി.എന്‍ മജു എന്നിവര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
മെത്താം ഫിറ്റമൈന്‍ എം ഡി എം എ ഗണത്തില്‍പ്പെട്ട സിന്തറ്റിക് മയക്കുമരുന്നാണ്.തലച്ചോറിനും പേശികള്‍ക്കും ഉള്‍പ്പടെ മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന മെത്താം ഫിറ്റാ മൈന്‍ എന്ന മെത്തലീന്‍ഡയോക്‌സിന്‍ മെത്താം ഫിറ്റാ മൈന്‍ 2002 ലെ ഡ്രഗ്‌സ്ആക്റ്റ് പ്രകാരം അതി തീവ്ര മരുന്നുകളുടെ വിതരണവില്‍പ്പന പ്രകാരം രാജ്യത്ത് നിരോധിച്ചതാണ്. ചില ഹെല്‍ത്ത് ക്ലബ്ബുകളിലും ജിംനേഷ്യങ്ങളിലും ഇവ അതീവ രഹസ്യമായി ഉപയോഗിക്കുന്നതായി ആക്ഷേപമുണ്ട്.