ഒമിക്രോണ്‍ വ്യാപന തീവ്രത കൂടിയാല്‍ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെയെന്ന് സൂചന നല്‍കി വിദ്ഗധര്‍. എന്നാല്‍ രണ്ടാം തരംഗത്തിന്റെ അത്രയും തീവ്രമാകാനിടയില്ലെന്ന് ദേശീയ കോവിഡ് 19 സൂപ്പര്‍ മോഡല്‍ കമ്മിറ്റിയിലെ വിദഗ്ധര്‍ വ്യക്തമാക്കി. നിലവില്‍ 54 കോടിയിലേറെ പേര്‍ രണ്ട് ഡോസ് വാക്സിനും 82 കോടിയലിധം പേര്‍ ഒരു ഡോസും സ്വീകരിച്ചു കഴിഞ്ഞതിനാല്‍ പ്രതിരോധം കൂടുതല്‍ മികച്ചതാകുമെന്നാണ് വിലയിരുത്തല്‍.
വാക്സിനേഷനിലൂടെ നല്ലൊരു വിഭാഗം പ്രതിരോധ ശേഷി നേടിയതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാജ്യത്താകമാനം ഒമിക്രോണ്‍ രോഗബാധയേറ്റവരുടെ എണ്ണം വര്‍ധിക്കുകയാണ്. നിലവില്‍ നൂറ്റിനാല്‍പതിലേറെ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 24 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് കൂടുതല്‍ ആണെന്നും, ജാഗ്രത പാലിക്കണമെന്നും കേന്ദ്രം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
മഹാരാഷ്ട്രയിലും തെലങ്കാനയിലുമായി ഇന്നലെ 21 പേര്‍ക്കു കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ എട്ടുപേര്‍ക്കാണ് പുതിയതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എട്ടു പേരും മുംബൈയിലാണ്. ഇതോടെ സംസ്ഥാനത്താകെ ഒമിക്രോണ്‍ ബാധിതര്‍ 48 ആയി. തെലങ്കാനയില്‍ 13 പേര്‍ക്ക് കൂടിയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് ഹൈദരാബാദില്‍ എത്തിവരാണ് എല്ലാവരും. ഇതോടെ തെലങ്കാനയില്‍ ഒമൈക്രോണ്‍ ബാധിതര്‍ 20 ആയി.
കേരളത്തില്‍ 4 പേര്‍ക്ക് കൂടി കോവിഡ് 19 ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ അറിയിച്ചിരുന്ന. സംസ്ഥാനത്ത് ഇതുവരെ 11 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് എത്തിയ രണ്ട് പേര്‍ക്കും, മലപ്പുറത്തെത്തിയ ഒരാള്‍ക്കും, തൃശൂര്‍ സ്വദേശിനിക്കുമാണ് ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.