ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ നിക്ഷേപിക്കപ്പെടുന്ന മുഴുവന്‍ അജൈവ മാലിന്യങ്ങളും സംസ്‌ക്കരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് നിയമസഭ അഷൂറന്‍സ് സമിതി നിര്‍ദ്ദേശിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തിയ തെളിവെടുപ്പിലാണ് സമിതി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. അധ്യക്ഷന്‍ കെ.പി.എ. മജീദ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലായിരുന്നു തെളിവെടുപ്പ്. എം.എല്‍.എമാരുമായ വാഴൂര്‍ സോമന്‍, കെ. ആന്‍സലന്‍, ടി. സിദ്ധീഖ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നീ സമിതി അംഗങ്ങളും തെളിവെടുപ്പിനെത്തിയിരുന്നു.
കോവിഡ് അതിജീവന കാലത്ത് ആഭ്യന്തര ടൂറിസം രംഗത്ത് വലിയ ഉണര്‍വ് പ്രകടിപ്പിച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലെന്നാണ് വയനാടെന്ന് സമിതി അംഗങ്ങള്‍ വിലയിരുത്തി. ആഭ്യന്തര ടൂറിസം രംഗത്ത് നിലവില്‍ ആറാം സ്ഥാനത്താണ് ജില്ലയുള്ളത്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി തുടങ്ങിയ പ്രത്യേക ബഡ്ജറ്റ് ടൂറിസ്റ്റ് സര്‍വ്വീസുക ളെല്ലാം വലിയ വിജയമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട ടൂറിസാനുഭവം സൃഷ്ടിക്കാന്‍ ജില്ലയിലെ കേന്ദ്രങ്ങള്‍ക്ക് കഴിയണം. ഇതിന് ടൂറിസം കേന്ദ്രങ്ങളെല്ലാം വൃത്തിയോടെ പരിപാലിക്കപ്പെടേണ്ടത് നിര്‍ബന്ധമാണെന്നും സമിതി അംഗങ്ങള്‍ പറഞ്ഞു. ജില്ലയിലേക്കുളള പ്രവേശന കവാടത്തില്‍ സഞ്ചാരികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ ഒരുക്കാനും സമിതി നിര്‍ദ്ദേശിച്ചു. സഞ്ചാരികള്‍ക്ക് ഭക്ഷണം കഴിക്കുന്നതിനായി പ്രത്യേക ഇടത്താവളങ്ങള്‍ ഒരുക്കി അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയണമെന്നും നിര്‍ദ്ദേശിച്ചു.