ലൈംഗികതയെപ്പറ്റി കുട്ടികളുടെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയല്ല ചെയ്യേണ്ടത്: മുഖ്യമന്ത്രി
ലൈംഗികതയെക്കുറിച്ച് നിലനില്‍ക്കുന്ന അശാസ്ത്രീയമായ ധാരണകള്‍ ആരോഗ്യകരമായ സ്ത്രീപുരുഷ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനും ലിംഗ നീതിയില്‍ അധിഷ്ഠിതമായ സമൂഹം വാര്‍ത്തെടുക്കുന്നതിനും പ്രധാന പ്രതിബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ട് തന്നെ പുതിയ തലമുറയ്ക്ക് ശാസ്ത്രീയമായ ലൈംഗികവിദ്യാഭ്യാസം നല്‍കുക എന്നത് ഒരു ആധുനിക സമൂഹത്തിന്റെ പുരോഗതിയെ സംബന്ധിച്ചിടത്തോളം അനിവാര്യ ഘടകമാണ്.
ലൈംഗികതയെപ്പറ്റിയുള്ള കുട്ടികളുടെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയല്ല ചെയ്യേണ്ടത്. അവര്‍ക്ക് ശരിയായ വിവരങ്ങള്‍ നല്‍കി സംശയങ്ങള്‍ അപ്പപ്പോള്‍ ദൂരീകരിക്കയാണ് വേണ്ടത്. ഇല്ലെങ്കില്‍ അവര്‍ ഉത്തരങ്ങള്‍ തേടി ഒടുവില്‍ തെറ്റായ സ്രോതസ്സുകളില്‍ എത്തിച്ചേരും, പലപ്പോഴും ശരിയല്ലാത്ത ധാരണകള്‍ ഉണ്ടാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/watch/CMOKerala/
ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പ് ഈ അനിമേഷന്‍ ലഘുചിത്രം തയ്യാറാക്കിയിരിക്കുന്നത്. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആദ്യപാഠങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ തുടങ്ങാമെന്നും വീഡിയോയ്ക്കൊപ്പം മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.