ക്വാറിക്ക് പ്രവര്‍ത്താനുമതി നല്‍കിയതിനെതിരെ പ്രദേശവാസികള്‍

0

രണ്ട് മാസം മുന്‍പുണ്ടായ ഉരുള്‍ പൊട്ടലിന്റെ ഞെട്ടലില്‍ നിന്നുംഅമ്മാറ നിവാസികള്‍ ഇനിയും മുക്തരായിട്ടില്ല .ഇതിനിടയിലാണ് പ്രദേശത്ത് വീണ്ടും ക്വാറിയുടെയും ക്രഷറിന്റെയും പ്രവര്‍ത്തനം പുനരാരംഭിച്ചത്.ആഗസ്ത് മാസത്തില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ പ്രദേശത്തെ അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും നിരവധി വീടുകള്‍ ഭാഗീകമായും തകര്‍ന്നു. വലിയ നാശം വിതച്ച ഉരുള്‍ പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കിയ തീരുമാനം വിവാദമാവുകയാണ്. ഉരുള്‍പൊട്ടലുണ്ടായ കുന്നിന്റെ മറുവശത്താണ് ക്വാറിയും ക്രഷറും പ്രവര്‍ത്തനം പുനരാരംഭിച്ചത്. ക്വാറിയുടെ പ്രവര്‍ത്തനം വലിയ ദുരന്തത്തിന് കാരണമാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. എന്നാല്‍ ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്വാറിക്ക് അനുമതി നല്‍കിയതെന്ന് അധികൃതര്‍ പറയുന്നു.
ഇപ്പോള്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ക്വാറി പ്രവര്‍ത്തിക്കുകയാണ്. അതേ സമയം അമ്മാറയിലെ ഉരുള്‍പൊട്ടലിന്റെ കാരണം തേടി വിവിധ വിദഗ്ധ സംഘങ്ങള്‍ ഇപ്പോഴും പഠനത്തിനായി ഈ പ്രദേശത്ത് സന്ദര്‍ശനം നടത്തുന്നുണ്ട്. ഖനനവും ഉരുള്‍ പൊട്ടലുകള്‍ക്ക് ആക്കം കൂട്ടിയതായി പ്രദേശം സന്ദര്‍ശിച്ച വിദഗ്ധര്‍ അഭിപ്രായപെട്ടിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയവും വലിയ ഉരുള്‍ പൊട്ടലും ഉണ്ടായതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് അധികൃതരുടെ ഒത്താശയോടെ കരിങ്കല്‍ ഖനനം നടക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!