ഏറ്റവുമധികം മദ്യപാനികള്‍ ഏതു രാജ്യത്ത് ? കണക്കുകള്‍ പുറത്ത്

0

ലോകത്ത് ഏറ്റവുമധികം മദ്യപാനികള്‍ ഏതു രാജ്യത്താകും? അധികമാലോചിക്കേണ്ട, ഗ്ലോബല്‍ ഡ്രഗ് സര്‍വേ അതിനുത്തരം നല്‍കുന്നു. ഓസ്‌ട്രേലിയയ്ക്കാണ് ആ ‘ബഹുമതി’. 22 രാജ്യങ്ങളില്‍ നിന്നുള്ള 32,000ല്‍ അധികം ആളുകളെ പങ്കെടുപ്പിച്ചു നടത്തിയ 2021ലെ സര്‍വേയാണ് ലോകത്തിലെ ഏറ്റവും വലിയ ‘വെള്ളമടി രാജ്യമായി’ ഓസ്‌ട്രേലിയയെ തിരഞ്ഞെടുത്തത്. ഡെന്‍മാര്‍ക്ക് രണ്ടും സ്വീഡന്‍ മൂന്നും സ്ഥാനത്തുമുണ്ട്. യുകെയും കാനഡയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

വാക്‌സീന്‍ സ്വീകരിക്കുന്നവര്‍ മദ്യപിക്കാമോ; ആന്റിബോഡിയെ എങ്ങനെ ബാധിക്കും?
2012ല്‍ ലണ്ടന്‍ ആസ്ഥാനമായി സ്ഥാപിതമായ സ്വതന്ത്ര ഗവേഷണ സ്ഥാപനമാണ് ഗ്ലോബല്‍ ഡ്രഗ് സര്‍വേ (ജിഡിഎസ്). മദ്യം, ലഹരിമരുന്ന് എന്നിവയുടെ ഉപയോഗവും ഉപയോഗ രീതികളും സംബന്ധിച്ച് വര്‍ഷാവര്‍ഷം സര്‍വേ നടത്തി റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നു. ഇക്കൊല്ലത്തെ സര്‍വേയില്‍ പങ്കെടുത്ത ഓസ്‌ട്രേലിയക്കാരില്‍നിന്നു ശേഖരിച്ച കണക്കുകള്‍ പ്രകാരം ഓസ്‌ട്രേലിയക്കാര്‍ വര്‍ഷത്തില്‍ 26.7 തവണയെങ്കിലും മദ്യപിക്കുന്നു. ഇത് ആഗോള ശരാശരിയുടെ രണ്ടിരട്ടിയാണെന്ന് സര്‍വേ പറയുന്നു.

ഓസ്‌ട്രേലിയക്കാര്‍ രണ്ടാഴ്ചയിലൊരിക്കല്‍ അമിതമായി മദ്യപിക്കുമെന്നും സര്‍വേയില്‍ തെളിഞ്ഞു. പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് ഓസ്‌ട്രേലിയയില്‍ കൂടുതല്‍ മദ്യപിക്കുന്നതെന്നതും സര്‍വേയിലെ കണ്ടെത്തലാണ്. ബീയറും വൈനുമാണ് അവിടുത്തുകാരുടെ ഇഷ്ടമദ്യമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി.
ഇത്രയും കുറച്ചു കുടിച്ച പാവങ്ങളായ ഓസ്‌ട്രേലിയക്കാരാണോ ഒന്നാമതെത്തിയതെന്ന് ആലോചിക്കുമ്പോള്‍ അറിയുക സര്‍വേയില്‍ മദ്യപിച്ച അവസ്ഥയ്ക്ക് കൃത്യമായ നിര്‍വചനമുണ്ടായിരുന്നു. അതുപ്രകാരം കുടിച്ചു ലക്കുകെട്ട് സ്വബോധം നഷ്ടമായ അവസ്ഥയാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ രേഖപ്പെടുത്തിയത്.
കൊറോണക്കാലത്ത് മറ്റു രാജ്യങ്ങളെല്ലാം അടച്ചിടലിലേക്കും മറ്റും നീങ്ങിയപ്പോള്‍ ഓസ്‌ട്രേലിയ ആ വഴിക്കു നീങ്ങിയത് ഡെല്‍റ്റാ വകഭേദം വ്യാപിച്ച രണ്ടാം ഘട്ടത്തില്‍ മാത്രമാണ്. അതുവരെ രാജ്യത്തെ ബാറുകളും മറ്റും തുറന്നിരിക്കുകയായിരുന്നു. ഇക്കാരണത്താലാകാം ഏറ്റവുമധികം മദ്യപിച്ച രാജ്യമാകേണ്ടി വന്നതെന്നാണ് സര്‍വേയില്‍ത്തന്നെ പറയുന്നത്.
മദ്യപാന ശേഷമുള്ള പശ്ചാത്താപത്തിന്റെ കണക്കുകളും സര്‍വേ രേഖപ്പെടുത്തുന്നു. വളരെ വേഗം കൂടുതല്‍ അളവ് കുടിക്കേണ്ടി വന്നു, പല ബ്രാന്‍ഡ് കലര്‍ത്തി കഴിച്ചു, തന്നെക്കാള്‍ കേമനായ മദ്യപാനിക്കൊപ്പം കഴിക്കേണ്ടി വന്നു തുടങ്ങിയവയൊക്കെയാണ് പശ്ചാത്താപ കാരണങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത്. മദ്യപിച്ചു പോയതില്‍ അളവറ്റ പശ്ചാത്താപമുള്ളവര്‍ കൂടുതലുള്ളത് അയര്‍ലന്‍ഡിലാണ് 28.4%. മദ്യപിച്ചതിന്റെ 24% അവസരങ്ങളിലാണ് ഓസ്‌ട്രേലിയക്കാര്‍ പശ്ചാത്തപിക്കുന്നത്. മദ്യപിച്ചതില്‍ പശ്ചാത്താപം ഏറ്റവും കുറവ് ഡെന്‍മാര്‍ക്കുകാര്‍ക്കും ഫിന്‍ലന്‍ഡുകാര്‍ക്കുമാണ് (17%).
ദുഃഖമോ സങ്കടങ്ങളോ കൂടുമ്പോഴാണ് ഏറ്റവുമധികം പേര്‍ മദ്യപിക്കാന്‍ അവസരം തേടുന്നതെന്ന കണ്ടെത്തലും സര്‍വേയിലുണ്ട്. ചെറിയ അളവില്‍ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയും സര്‍വേ രേഖപ്പെടുത്തുന്നു. ഇത്തരത്തില്‍ ലഹരി ഉപയോഗിക്കുന്നവര്‍ കൂടുതലും തിരഞ്ഞെടുക്കുന്നത് കഞ്ചാവും എല്‍എസ്ഡിയുമാണെന്ന് സര്‍വേ പറയുന്നു.

സര്‍വേയിലെ ചില കണ്ടെത്തലുകള്‍

സര്‍വേയില്‍ പ്രതികരണം അറിയിച്ചവരില്‍ മദ്യപിച്ച 21% അവസരങ്ങളിലും അതില്‍ ഖേദിക്കുന്നവരാണ്. പോയ വര്‍ഷത്തെ സര്‍വേയില്‍ ഇത് 30% ആയിരുന്നു.
ഏറ്റവും കുറച്ചു മദ്യപിച്ച രാജ്യം ന്യൂസീലാന്‍ഡ് ആണ്. സര്‍വേയില്‍ പങ്കെടുത്ത ന്യൂസീലാന്‍ഡുകാര്‍ മദ്യപിച്ചത് ശരാശരി 10 തവണ മാത്രമാണ്.

കോവിഡ് കാലത്ത് ആളുകള്‍ മുന്‍പത്തെക്കാളേറെ കുടിച്ചു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ ഒരു ശതമാനം പേര്‍ മദ്യപിച്ചു ലക്കു കെട്ട അവസ്ഥയില്‍ വൈദ്യസഹായം തേടി.

ചെറിയ അളവില്‍ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ഏറെയും ചികിത്സാര്‍ഥമാണ് അതിനു തുനിയുന്നത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പുകവലിയും മദ്യപാനവും കുറഞ്ഞു. 2020ലെ സര്‍വേയില്‍ പുകവലിക്കുമെന്ന് അറിയിച്ചവരുടെ ശരാശരി 60.8% ആയിരുന്നെങ്കില്‍ പുതിയ സര്‍വേയില്‍ അത് 51% ആയി കുറഞ്ഞു.

കൊക്കെയ്ന്‍ ഉപയോഗത്തിലും കുറവ്. 2020ല്‍ 31% പേര്‍ കൊക്കെയ്ന്‍ ഉപയോഗിക്കുമെന്ന് അറിയിച്ചെങ്കില്‍ 2021 സര്‍വേയില്‍ അത് 23.5% പേര്‍ ആയി കുറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!