സഹപാഠികളുടെ സ്നേഹതണലില്‍ വന്ദനക്കും നന്ദനക്കും വീടൊരുങ്ങി. കരിങ്കുറ്റി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ വന്ദനക്കും നന്ദനക്കുമാണ് സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്നേഹവീട് പണിത് നല്‍കിയത്. വണ്ടിയാമ്പറ്റ യുവശബ്ദം ഗ്രന്ഥശാലാ പരിസരത്ത് നടന്ന ചടങ്ങില്‍ വനം വകുപ്പ് മന്ത്രി അഡ്വ. കെ രാജുവില്‍ നിന്ന് വീടിന്റെ താക്കോല്‍ ഇരുവരും ചേര്‍ന്ന് ഏറ്റുവാങ്ങി. തലചായ്ക്കാനിടയില്ലാത്തവര്‍ക്ക് തണലാകുന്ന ഇത്തരം പ്രവര്‍ത്തികള്‍ മാതൃകാപരമെന്ന് മന്ത്രി പറഞ്ഞു. വീട് നിര്‍മ്മാണത്തിന് മുന്നിട്ടിറങ്ങിയ വിദ്യാര്‍ത്ഥികളെയും പിന്തുണച്ചവരെയും അദ്ദേഹം അഭിനന്ദിച്ചു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വന്ദനയും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നന്ദനയും അമ്മ രജിഷയോടൊപ്പം അടച്ചുറപ്പില്ലാത്ത ഷെഡിലായിരുന്നു താമസിച്ചിരുന്നത്. കരിങ്കുറ്റി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 2016 17 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ സഹപാഠിക്കൊരു സ്നേഹവീട് എന്ന ആശയം സ്‌കൂള്‍ അധികൃതരുടെ മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ ഉറച്ച പിന്തുണയാണ് ലഭിച്ചത്. വീട് നിര്‍മ്മിക്കാനാവശ്യമായ പണം കണ്ടെത്തുന്നത് മുതല്‍ നിര്‍മ്മാണ സാമഗ്രികള്‍ തലയിലേറ്റി സ്ഥലത്ത് എത്തിക്കുന്ന ജോലിയും ഇവര്‍ ഏറ്റെടുത്തു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ഭാഗത്ത് നിന്ന് ലഭിച്ച സഹായങ്ങള്‍ ഇവര്‍ക്ക് മുതല്‍ക്കൂട്ടായി. ഏകദേശം 8 ലക്ഷം രൂപയോളം ചെലവഴിച്ചാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ദേവകി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.മിനി, വി.എച്ച്.എസ്.സി ഡയറക്ടര്‍ പ്രൊഫ.എ ഫാറൂഖ്, ജനപ്രതിനിധികളായ എ.അയ്യപ്പന്‍, ബിനുകുമാര്‍, ശാരദാ മണിയന്‍, രശ്മി പ്രദീപ്,പ്രിന്‍സിപ്പാള്‍ സി.എം ലിജി, ഹെഡ്മാസ്റ്റര്‍ പി.വി സുധാകരന്‍, പി.ടി.എ പ്രസിഡന്റ് സി. പ്രദീപ്, എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ വി. ഗോപിനാഥന്‍, കെ.പി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.