കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍; കേന്ദ്രം നടപടി തുടങ്ങി

0

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന് അടുത്ത കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കും. കൃഷി, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയങ്ങളും നിയമമന്ത്രാലയവുമാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. പിന്‍വലിക്കല്‍ ബില്ലിന് മന്ത്രിസഭാ യോഗം അനുമതി നല്‍കുന്നതിന് പിന്നാലെ 29 ന് തുടങ്ങുന്ന പാര്‍ലെമന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതിന് ഒറ്റ ബില്‍ അവതരിപ്പിച്ചാല്‍ മതിയാകും.

എന്തുകൊണ്ട് നിയമങ്ങള്‍ പിന്‍വലിച്ചുവെന്നതിന്റെ കാരണവും കേന്ദ്രം വ്യക്തമാക്കും. തുടര്‍ന്ന് രാഷ്ട്രപതി ബില്ലില്‍ ഒപ്പുവയ്ക്കുന്നതോടെ നിയമങ്ങള്‍ റദ്ദാകും. അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല ചില ഗൂഡനീക്കങ്ങള്‍ തകര്‍ക്കാനാണ് പ്രധാനമന്ത്രി നിയമങ്ങള്‍ പിന്‍വലിച്ചതെന്ന ന്യായീകരണവുമായി ബിജെപി എംപി സാക്ഷി മഹാരാജ് രംഗത്തെത്തി. ബില്ലുകള്‍ വന്നുപോകുമെന്നും രാജ്യത്തെ രക്ഷിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

നിയമങ്ങള്‍ പിന്‍വലിച്ചശേഷവും സമരം തുടരുമെന്ന കര്‍ഷക സംഘടനകളുടെ നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. കേന്ദ്രസഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ലംഖിംപൂര്‍ ഖേരി സംഭവം പ്രതിപക്ഷം ഉയര്‍ത്തികൊണ്ടുവരുന്നതിനെയും ബിജെപി ആശങ്കയോടെയാണ് കാണുന്നത്. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്ക് ജനം വിശ്വസിക്കില്ലെന്ന് കര്‍ഷകസമരം തുടരാനുള്ള തീരുമാനത്തെ പിന്തുണച്ച് രാഹുല്‍ഗാന്ധി പ്രതികരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!