കടമാന്‍തോട് ജലസേചന പദ്ധതി സംബദ്ധിച്ച് പ്രദേശത്തെ ജനങ്ങള്‍ക്കിടയിലുള്ള ആശങ്കയകറ്റാന്‍ ജില്ലയിലെ ജനപ്രതിനിധികള്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമാകുന്നു.വര്‍ഷങ്ങളായി പദ്ധതി സംബദ്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും വ്യക്തമായ തീരുമാനങ്ങള്‍ പറയാന്‍ ആരും തയ്യാറാകാതെ വന്നതോടെ പ്രദേശത്തെ ജനങ്ങള്‍ പ്രതിസന്ധിയിലാണ്.പദ്ധതിയുടെ പേരില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ഭൂമി വില്‍പ്പന നടത്താന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. പുല്‍പള്ളി മേഖലയില്‍ വര്‍ധിച്ച് വരുന്ന വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ജലസേചന പദ്ധതി നടപ്പാക്കുമെന്നാണ് അധികൃതര്‍ പറയുന്നത് .എന്നാല്‍ അണക്കെട്ട് വരുന്ന ഭാഗത്തെ ആയിരക്കണക്കിന് കുടുംബങ്ങള്‍ ആശങ്കയിലാണ്.
വര്‍ഷങ്ങളായി ഫയലിലുറങ്ങിയ പദ്ധതിക്ക് ജീവന്‍ വച്ചത് സമീപകാലത്തായിരുന്നു. മുള്ളന്‍കൊല്ലി പഞ്ചായത്തിലുള്ളവര്‍ പദ്ധതിയെ അനുകൂലിക്കുമ്പോള്‍ പുല്‍പള്ളി പഞ്ചായത്തിലെ രണ്ട്,മൂന്ന്, അഞ്ച് വാര്‍ഡുകളിലുള്ളവര്‍ അവരുടെ ആശങ്കകള്‍ മറച്ചുവെക്കുന്നില്ല. കുടിയൊഴിപ്പിക്കലാണ് പ്രധാനമായും ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. താഴെ അങ്ങാടി, ആനപ്പാറ, പാളക്കൊല്ലി, വീട്ടിമൂല ഭാഗങ്ങളില്‍ പദ്ധതി വന്നാല്‍ കുടിയൊഴിപ്പിക്കല്‍ ഉണ്ടാകും. ഈ ഭാഗങ്ങളില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളാണ്. ഈ പ്രദേശങ്ങളില്‍ സ്ഥലം ഏറ്റെടുക്കല്‍ എളുപ്പമാകില്ലെന്ന ബോധ്യം അധികൃതര്‍ക്കുമുണ്ട്. പദ്ധതിക്കെതിരെ ജനകീയ സമിതികളും രൂപംകൊണ്ടിട്ടുണ്ട്. പക്ഷേ ഇതുവരെ പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്ക് സ്ഥലം വില്‍ക്കുന്നതിനും മറ്റും സാധിക്കുന്നില്ല. വന്‍കിട പദ്ധതികള്‍ ഉപേക്ഷിച്ച് ചെറുകിട പദ്ധതികള്‍ നടപ്പാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. കാവേരി നദീജല തര്‍ക്ക ട്രൈബ്യൂണല്‍ വിധി പ്രകാരം കേരളത്തിന് അനുവദിച്ച 21 ടി.എം.സി ജലം ഉപയോഗിക്കുന്നതിനായി ആസൂത്രണം ചെയ്ത ഒമ്പത് പദ്ധതികളില്‍ ഒന്നാണ് കടമാന്‍ തോട് പദ്ധതി. 2000 ഹെക്ടറോളം സ്ഥലത്ത് വെള്ളമെത്തിക്കാന്‍ കഴിയുന്ന തരത്തില്‍, 490 മീറ്റര്‍ നീളത്തിലും 28 മീറ്റര്‍ ഉയരത്തിലുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ വന്‍കിട പദ്ധതി നടപ്പാക്കിയാല്‍ പുല്‍പള്ളി ടൗണിന്റ പല ഭാഗങ്ങളും വെള്ളത്തിലാകുമെന്ന ആശങ്കയുണ്ട്. എന്നാല്‍ വന്‍കിട പദ്ധതി അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. പദ്ധതി സംബ്ധിച്ച് പ്രദേശത്തെ ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് ജില്ലാ ഭരണ കൂടത്തിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ പ്രദേശത്തെ ജനങ്ങളെ പങ്കെടുപ്പിച്ച് പദ്ധതി നടപ്പാക്കുമോ ഇല്ലയോയെന്ന് ആശങ്കയകറ്റാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം