‘കുറുപ്പ്’ ട്രെയ്ലര്‍ അങ്ങ് ബുര്‍ജ് ഖലീഫയിലും !

0

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുറുപ്പ്’. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രം ഈ മാസം 12ന് പ്രേക്ഷകര്‍ക്കരികില്‍ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു വിശേഷമാണ് ശ്രദ്ധ നേടുന്നത്. ദുബായ് നഗരത്തിന്റെ മുഖമുദ്രയായ ബുര്‍ജ് ഖലീഫയില്‍ ‘കുറുപ്പി’ന്റെ ട്രെയ്ലര്‍ പ്രദര്‍ശിപ്പിക്കും. ബുര്‍ജ് ഖലീഫയില്‍ ട്രെയ്ലര്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡ് കൂടി സ്വന്തമാക്കുകയാണ് ‘കുറുപ്പ്’. നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ 10ന് രാത്രി 8നും 8.30നും ഇടയിലാണ് ട്രെയ്ലര്‍ പ്രദര്‍ശിപ്പിക്കുക.

ഈ അവസരം ഒരുക്കിയതിന് ഫാര്‍സ് ഫിലിംകോ എല്‍എല്‍സിയുടെ അഹമ്മദ് ഗോല്‍ചിനും വേഫെറര്‍ ഫിലിംസ് & എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്‍സ് ഓവര്‍സീസ് ടീമിന്റെ തലവനായ ഷംനാദ് സിയാദിനും ദുല്‍ഖര്‍ നന്ദി അറിയിച്ചു. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ് ‘കുറുപ്പ്’. 35 കോടിയാണ് ചിത്രത്തിന്റെ നിര്‍മാണ ചിലവ്. കേരളത്തില്‍ മാത്രം ചിത്രം നാനൂറിലേറെ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

‘മൂത്തോന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെഎസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ‘കമ്മാരസംഭവ’ത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ ബംഗ്‌ളാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ്. അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

 

 

 

Leave A Reply

Your email address will not be published.

error: Content is protected !!