വയനാട് ജില്ലയില്‍ നിന്നും കെ കെ ഏബ്രഹാമിനെ കെ പി സി സി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കെ എസ് യുവിലൂടെ പൊതു പ്രവര്‍ത്തന രംഗത്തെത്തിയ ഏബ്രഹാം നാലര പതിറ്റാണ്ടുകള്‍ നീണ്ട പൊതുപ്രവര്‍ത്തന ജീവിതത്തിനിടയിലാണ് കെ പി സി സി ജനറല്‍ സെക്രട്ടറിയാവുന്നത്. നിലവില്‍ കെ പി സി സി സെക്രട്ടറിയായിരുന്നു. കുടിയേറ്റ കര്‍ഷകരായ പുല്‍പ്പള്ളി കുഴുമ്പില്‍ പരേതരായ കുര്യാക്കോസിന്റെയും സാറയുടെയും മൂത്തമകനായി 1961 മെയ് അഞ്ചിനാണ് ഏബ്രഹാം ജനിക്കുന്നത് സ്‌കൂള്‍ കാലഘട്ടം മുതല്‍ കെ എസ് യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനരംഗത്ത് സജീവമായി. പുല്‍പ്പള്ളി വിജയ സ്‌കൂളിലെ പഠനകാലം മുതല്‍ കെ എസ് യുവിന്റെ പ്രവര്‍ത്തകനായിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ കെ എസ് യു യൂണിറ്റ് പ്രസിഡന്റായി. പിന്നീട് ഇവിടെ നിന്നും വിജയിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി. കെ എസ് യു കോഴിക്കോട് സിറ്റി കമ്മിറ്റി സെക്രട്ടറി, വയനാട് ജില്ലാ കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി, യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി, യൂത്ത്‌കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ഡി സി സി ജനറല്‍ സെക്രട്ടറി, യു ഡി എഫ് ബത്തേരി നിയോജകമണ്ഡലം ചെയര്‍മാന്‍, കെ പി സി സി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. വി എം സുധീരന്‍, എം എം ഹസന്‍, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രന്‍ എന്നിവരുടെ കീഴിലായി കഴിഞ്ഞ പത്ത് വര്‍ഷമായി ജില്ലയിലെ കെ പി സി സി സെക്രട്ടറിമാരിലൊരാളാണ് ഏബ്രഹാം. ത്രിതതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം, പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, രാജീവ്ഗാന്ധി യൂത്ത്ഫൗണ്ടേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, ടൂര്‍ഫെഡ് സംസ്ഥാന വൈസ് ചെയര്‍മാന്‍, ലാന്റ് ബോര്‍ഡ് മെമ്പര്‍, ഡി ടി പി സി മെമ്പര്‍ തുടങ്ങിയ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. പുല്‍പ്പള്ളി വിജയ എല്‍ പി സ്‌കൂളിലെ റിട്ട. അധ്യാപികയായ കാര്‍മ്മല്‍ എം സിയാണ് ഭാര്യ. കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂളിലെ അധ്യാപികയായ ഇന്ദുപ്രിയ, ഇന്‍ഫോസിസില്‍ എന്‍ജിനീയറായ അമൃത എന്നിവരാണ് മക്കള്‍.