കടമാന്‍തോട് ജലസേചന പദ്ധതിയെ ചൊല്ലി ആശങ്കകളും പ്രതീക്ഷകളും വീണ്ടും ഉയരുന്നു. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. പുല്‍പള്ളി മേഖലയില്‍ വര്‍ധിച്ച് വരുന്ന വരള്‍ച്ചയെ പ്രതിരോധിക്കാന്‍ പദ്ധതി നടപ്പാക്കണമെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ അണക്കെട്ട് വരുന്ന ഭാഗത്തെ ആയിരക്കണക്കിന് കുടുംബങ്ങള്‍ ആശങ്കയിലാണ്. കുടിയൊഴിപ്പിക്കലാണ് പ്രധാനമായും ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. താഴെ അങ്ങാടി,ആനപ്പാറ,പാളക്കൊല്ലി, വീട്ടിമൂല ഭാഗങ്ങളില്‍ പദ്ധതി വന്നാല്‍ കുടിയൊഴിപ്പിക്കല്‍ ഉണ്ടാകും. ഈ ഭാഗങ്ങളില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളാണ്.
അതേസമയം സ്ഥലം ഏറ്റെടുക്കല്‍ എളുപ്പമാകില്ലെന്ന ബോധ്യം അധികൃതര്‍ക്കുമുണ്ട്. പദ്ധതിക്കെതിരെ ജനകീയ സമിതികളും രൂപംകൊണ്ടിട്ടുണ്ട്. പക്ഷേ ഇതുവരെ പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്ക് സ്ഥലം വില്‍ക്കുന്നതിനും മറ്റും സാധിക്കുന്നില്ല. വന്‍കിട പദ്ധതികള്‍ ഉപേക്ഷിച്ച് ചെറുകിട പദ്ധതികള്‍ നടപ്പാക്കണം എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. കാവേരി നദീജല തര്‍ക്ക ട്രൈബ്യൂണല്‍ വിധി പ്രകാരം കേരളത്തിന് അനുവദിച്ച 21 ടി.എം.സി ജലം ഉപയോഗിക്കുന്നതിനായി ആസൂത്രണം ചെയ്ത ഒമ്പത് പദ്ധതികളില്‍ ഒന്നാണ് കടമാന്‍ തോട് പദ്ധതി. 2000 ഹെക്ടറോളം സ്ഥലത്ത് വെള്ളമെത്തിക്കാന്‍ കഴിയുന്ന തരത്തില്‍, 490 മീറ്റര്‍ നീളത്തിലും 28 മീറ്റര്‍ ഉയരത്തിലുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ വന്‍കിട പദ്ധതി നടപ്പാക്കിയാല്‍ പുല്‍പള്ളി ടൗണിന്റ പല ഭാഗങ്ങളും വെള്ളത്തിലാകുമെന്ന ആശങ്കയുണ്ട്. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ഘട്ടംഘട്ടമായി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നിലപാട്. എന്നാല്‍ വന്‍കിട പദ്ധതി അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. അടുത്ത മാസം ജല സേചന മന്ത്രിയുടെി നേതൃത്വത്തില്‍ പദ്ധതി സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നാണ് വിവരം.