ബി പി നോക്കാൻ പോവുകയാണോ നിങ്ങള്‍? എങ്കിൽ ഉറപ്പായും ഇക്കാര്യങ്ങൾ ചെയ്തിരിക്കണം; ജാഗ്രത…!

0

മലയാളികളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ജീവിത ശൈലീ രോഗങ്ങളിൽ പ്രധാനിയാണ് ബ്ളഡ് പ്രഷർ അഥവാ ബി പി. ക്രമം തെറ്റിയ ജീവിതവും വ്യായാമം ഇല്ലായ്മയും മലയാളികളിൽ ബി പി വ്യാപകമാകുന്നതിന് വഴിയൊരുക്കുന്നു. മാനസിക പിരിമുറുക്കവും അനാവശ്യ ചിന്തകളും കൂട്ടിനെത്തിയപ്പോൾ ഈ രോഗം ക്രമേണ വില്ലനാകുകയായിരുന്നു. ബ്ളഡ് പ്രഷർ പരിശോധിക്കുന്നതിന് മുൻപായി ചില കാര്യങ്ങൾ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ…

1.പൂർണമായ തയ്യാറെടുപ്പുകൾക്ക് ശേഷമാകണം ബി പി പരിശോധിക്കേണ്ടത്. കോണിപ്പടികൾ കയറി പെട്ടെന്ന് ചെന്ന് പരിശോധിക്കരുത്. ഇത് അളവ് കൂടുതൽ കാണിക്കാനിടയുണ്ട്. ബി പി സാധാരണ അളവായി കണക്കാക്കുന്നത് 120/80 ആണ്. 140/90 ന് മുകളിൽ വരുമ്പോൾ ഹൈപ്പർ ടെൻഷനായി കണക്കാക്കുന്നു.

2. മാനസിക സമ്മർദ്ദങ്ങളും താത്കാലികമായി ബി പി കൂട്ടാനിടയുണ്ട്.

3. പരിശോധനയ്ക്ക് അര മണിക്കൂ‌റിനുള്ളിൽ പുകവലിക്കുകയോ, കാപ്പി, ചായ എന്നിവ കുടിക്കുകയോ അരുത്.

4. പരിശോധനയ്ക്ക് അടുത്ത സമയങ്ങളിൽ വ്യായാമം ചെയ്യരുത്.

5. അ‌‌ഞ്ചു മിനിട്ടോളം ശാന്തമായി വിശ്രമിച്ചതിനുശേഷം മാത്രമേ ബി പി നോക്കാൻ പാടുള്ളൂ.

6. മുഷ്ടി അയച്ചു വിടണം. ബി പി നോക്കുന്ന കൈ മേശപ്പുറത്ത് വയ്ക്കണം.

7. ബി പി അപ്പാരറ്റസിന്റെ കഫ് കെട്ടുന്ന ഭാഗത്തെ വസ്ത്രം പൂർണമായും മാറ്റിയിരിക്കണം.

8. പരിശോധന സമയത്ത് കാലുകൾ രണ്ടും നിലത്തുറപ്പിച്ച് ഇരിക്കണം.

സാധാരണ വലതുകൈയിലാണ് ബി പി നോക്കുന്നതെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ ഇടതു കൈയിലും കാലിലും പരിശോധിക്കാറുണ്ട്. ഇരുത്തിയോ കിടത്തിയോ പരിശോധിക്കാം. ഒരു തവണ നോക്കുമ്പോൾ ഉയർന്ന അളവ് കാണുന്നുണ്ടെങ്കിലും ഹൈപ്പർ ടെൻഷൻ അഥവാ ബ്ളഡ് പ്രഷർ ആണെന്ന് ഉറപ്പിക്കാനാകില്ല. ഒരാഴ്ച്ച ഇടവിട്ട് മൂന്നു പ്രാവശ്യമെങ്കിലും പരിശോധിച്ച് ഉറപ്പുവരുത്തണം. ഈ മൂന്ന് തവണയും ഉയർന്നു കാണുകയാണെങ്കിൽ മാത്രമേ ഹൈപ്പർ ടെൻഷൻ ആണെന്ന് സ്ഥിരീകരിക്കാനാകൂ.

തുടർച്ചയായി ബി പി നോക്കേണ്ടി വരുന്നെങ്കിൽ വീട്ടിൽ തന്നെ പരിശോധിക്കാനുള്ള ഇലക്ട്രോണിക്സ് ഡിജിറ്റൽ അപ്പാരറ്റസ് വാങ്ങിവയ്ക്കുന്നത് ഉപകരിക്കും.ഹൈപ്പർ ടെൻഷൻ സ്ഥിരീകരിച്ചാൽ ഉടനേ മരുന്ന് കഴിച്ചു തുടങ്ങേണ്ടതില്ല. ജീവിത ശൈലിയിലെ മാറ്റങ്ങൾ ബി പി സാധാരണ നിലയിലേക്ക് മടങ്ങാൻ സഹായിക്കും. കുറഞ്ഞത് ഒരുമണിക്കൂർ കൃത്യമായ വ്യായാമം,അമിത ശരീര ഭാരം നിയന്ത്രിക്കൽ, ഉപ്പിന്റെ അളവ് കുറയ്ക്കുക,പുകവലി ഉപേക്ഷിക്കുക, മദ്യപാനം ഒഴിവാക്കുക, മാനസിക പിരിമുറുക്കം കുറയ്ക്കുക എന്നിവയിലൂടെ മരുന്നില്ലാതെ തന്നെ ബ്ളഡ് പ്രഷർ നിയന്ത്രിക്കാവുന്നതാണ്. ജീവിത ശൈലിയിലെ മാറ്റങ്ങളിലൂടെ ബി പി കുറയ്ക്കാൻ സാധിക്കുന്നില്ലെങ്കിൽ ഔഷധ ചികിത്സ വേണ്ടിവരും.

Leave A Reply

Your email address will not be published.

error: Content is protected !!